മെല്‍ബണ്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 195 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ(0) നഷ്ടമായി. തുടര്‍ന്ന് അരങ്ങേറ്റ താരം ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ക്രീസില്‍ തുടര്‍ന്നു.
ഒന്നാം ദിവസം പതിനൊന്ന് ഓവര്‍ എറിഞ്ഞശേഷം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ്. ഗില്‍ 38 പന്തില്‍ നിന്ന് 28 റണ്‍സും പൂജാര 23 പന്തില്‍ ഏഴ് റണ്‍സുമായാണ് ക്രീസില്‍. ആതിഥേയരേക്കാള്‍ 159 റണ്‍സിന് പിറകിലാണ് ഇന്ത്യ.
ഓസീസിനെ ഇന്ത്യന്‍ ബൗളിങ്ങ് നിര ഒതുക്കുകയായിരുന്നു. ജസ്പ്രീത് ബുംമ്ര നാലും രവിചന്ദ്രന്‍ അശ്വിന് മൂന്നും അരങ്ങേറ്റ താരം മുഹമ്മദ് സിറാജ് രണ്ട് രവീഏന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 38, മാത്യൂ വെയ്ഡ് 30, നഥാന്‍ ലയണ്‍ 20 ഉം റണ്‍സെടുത്തു. ഓപ്പണര്‍ ജോ ബേണ്‍സും സ്റ്റീവ് സ്മിത്തും പൂജ്യത്തിന് പുറത്തായി. ടോസ് നേടിയ ഓസീസ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.






