
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം. ആദ്യ ഇന്നിങ്സില്‍ ആതിഥേയരെ 195 റണ്‍സിന് ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 82 റണ്‍സ് ലീഡ്. 91.3 ഓവറില്‍ ആദ്യ ഇന്നിങ്സിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയിലാണ്.
വിരാട് കോഹ്ലിക്ക് പകരം നായകസ്ഥാനം ഏറ്റെടുത്ത അജിങ്ക്യ രഹാനയുടെ സെഞ്ചുറിയാണ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്. അജിങ്ക്യ രഹാന(200 പന്തില്‍ 104 റണ്‍സ്), രവീന്ദ്ര ജഡേജ(104 പന്തില്‍ 40 റണ്‍സ്) എന്നിവരാണ് ക്രീസില്‍ തുടരുന്നത്. മായങ്ക് അഗര്‍വാള്‍(0) ന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ നഷ്ടമായിരുന്നു. ശുഭ്മാന്‍ ഗില്‍(45 റണ്‍സ്), ചേതേശ്വര്‍ പൂജാര(17 റണ്‍സ്), ഹനുമാ വഹിാരി(21 റണ്‍സ്), ഋഷഭ് പന്ത്(29 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഓസീസിനായി പാറ്റ് കമ്മിന്‍സ് , മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റും നഥാന്‍ ലയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഓസീസിനെ ഇന്ത്യന്‍ ബൗളിങ്ങ് നിര ഒതുക്കുകയായിരുന്നു. ജസ്പ്രീത് ബുംമ്ര നാലും രവിചന്ദ്രന്‍ അശ്വിന് മൂന്നും അരങ്ങേറ്റ താരം മുഹമ്മദ് സിറാജ് രണ്ട് രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 38, മാത്യൂ വെയ്ഡ് 30, നഥാന്‍ ലയണ്‍ 20 ഉം റണ്‍സെടുത്തു. ഓപ്പണര്‍ ജോ ബേണ്‍സും സ്റ്റീവ് സ്മിത്തും പൂജ്യത്തിന് പുറത്തായി. ടോസ് നേടിയ ഓസീസ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.






