
മുംബൈ: പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ ഭാര്യ വര്‍ഷ റൗട്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഇ.ഡിക്ക് മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് ഞായറാഴ്ചയാണ് നോട്ടീസ് നല്‍കിയത്. ഇ.ഡിയുടെ മുംബൈയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇത് മൂന്നാം തവണയാണ് വര്‍ഷയ്ക്ക് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ രണ്ട് തവണയും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.
പി.എം.സി ബാങ്കിന് 4,355 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഹൗസിംഗ് ഡവലപ്മെന്റ് ഇന്‍ഫ്രാട്രക്ചര്‍ പ്രൊമോട്ടര്‍ രാകേഷ് കുമാര്‍ വാധ്വാന്‍, മകന് സാരങ് വാധ്വാന്‍, പി.എം.സി ബാങ്കിന്റെ അന്നത്തെ ചെയര്മാന് വര്യം സിംഗ് മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെടുന്ന മഹാ വികാസ് പാര്‍ട്ടിയാണ് ഭരണം നടത്തുന്നത്. കേന്ദ്ര ഏജന്‍സികളെ തങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. അടുത്തകാലത്ത് ബി.ജെ.പി വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന ഏക്നാഥ് ഖദ്സെയെ ഡിസംബര്‍ 30ന് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുനെയിലെ ഭോശ്രയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ.ഡിയുടെ സംശയം. നേരത്തെ എന്‍സിപിയുടെ പ്രതാപ് സര്‍നായികിനെ ഇ.ഡി ഈ കേസില്‍ വിളിപ്പിച്ചിരുന്നു.






