
ന്യുഡല്‍ഹി: തിരക്കേറിയ റോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേ യുവാവിനെ രണ്ടു പേര് ചേര്‍ന്ന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. റോഡിലൂടെ നിരവധി വാഹനങ്ങള്‍ ഈ സമയം കടന്നുപോയെങ്കിലും ആരും ഈ ആക്രമണം തടയാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിച്ചില്ല. അടിയേറ്റ് രക്തംവാര്‍ന്ന് കിടന്ന യുവാവ് അവിടെക്കിടന്നുതന്നെ മരിച്ചു.
അജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് പൂക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ നടത്തുന്നതിനെ ചൊല്ലി അജയുടെ സഹോദരന് സഞ്ജയ് ഗോവിന്ദ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിനാണ് ശ്രമിച്ചത്. ഇതിനു പിന്നാലെയാണ് ഗോവിന്ദും കൂട്ടാളി അമിതും ചേര്‍ന്ന് അജയിനെ അടിച്ചുകൊന്നത്.
അടിയേറ്റ് രക്തം വാര്‍ന്ന് കിടന്ന അജയിനെ ആരും രക്ഷിച്ചില്ലെന്ന് മാത്രമല്ല, അതുവഴി വന്നവര്‍ ആ രംഗം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.






