
കൊച്ചി: കേരളത്തീരത്ത് ക്ഷാമം നേരിട്ടിരുന്ന മത്തി കാലവസ്ഥ അനുകൂലമായതോടെ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. തെക്കന്‍ കേരളത്തിന്റെ തീരങ്ങളിലാണ് ചെറുമത്തികള്‍ എത്തിതുടങ്ങിയത്. എന്നാല്‍ ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്കി.
പ്രത്യുല്പാദന ഘട്ടത്തില്‍ എത്തിയിട്ടില്ലാത്ത ചെറുമത്തികളാണ് ഇവയെന്ന് കണ്ടെത്തിയിരുന്നു. വലിയ മത്തികള്‍ കേരളത്തീരത്ത് കുറവാണെന്നും സിഎംഎഫ്ആര്‍ഐയുടെ പഠനം വ്യക്തമാക്കുന്നു. നിമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ നീളം പത്ത് സെന്റിമീറ്റര്‍ ആണെങ്കിലും അസാധാരണമായ ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ലഭ്യമാകുന്ന മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. ഇ എം അബ്ദുസ്സമദ് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളതീരത്ത് മത്തിയുടെ ക്ഷാമമുണ്ട്. എന്നാല്‍ 2017 ല്‍ ചെറിയ തോതില്‍ ഉയര്‍ന്നുവെങ്കിലും പിന്നീട് കുറഞ്ഞു. 2019 ല്‍ മത്തിയുടെ ലഭ്യത ഏറ്റവും താഴ്ന്ന നിലയിലാണ് കൂപ്പുക്കുത്തിയത്. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാക്കിയത്.
ഇപ്പോള്‍ കാണപ്പെടുന്ന മത്തികളെ പിടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മത്തിയുടെ ലഭ്യത ഉയര്‍ത്താന്‍ കഴിയുമെന്നാണ് സിഎംഎഫ്ആര്‍ഐയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വിവരം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ എ ഗോപാലകൃഷ്ണന് അറിയിച്ചു.






