
പത്തനംതിട്ട: റാന്നിയില്‍ ബിജെപിയും എല്‍ഡിഎഫും തിരഞ്ഞെടുപ്പിന് മുന്‍പ് ധാരണയായ രേഖകള്‍ പുറത്ത്. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി പരിപാടിയില്‍ അല്ലാതെ എല്‍ഡിഎഫിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചാര്‍ലി പി കോശി യാണ് ബിജെപിക്ക് ഉറപ്പ് നല്‍കിയത്. 100 രൂപ പത്രത്തില്‍ ഒപ്പിട്ടു നല്കിയ ശേഷമാണ് ബിജെപി അംഗങ്ങള്‍ ശോഭയെ പിന്തുണച്ചത്.
എന്നാല്‍ ഇതുവരെ ശോഭ ചാര്‍ലി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എല്‍ഡിഎഫ് പ്രതിനിധിയായ ശോഭയുടെ പേര് തിരഞ്ഞെടുപ്പില്‍ നിര്‍ദേശിച്ചതും പിന്താങ്ങിയതും ബിജെപി അംഗങ്ങളായിരുന്നു. ആറിനെതിരെ ഏഴ് വോട്ടുകള്‍ക്കായിരുന്നു ശോഭ ചാര്‍ലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ ശോഭയും ബിജെപിയും തമ്മിലുള്ള ധാരണയെക്കുറിച്ച് അറിയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം പ്രതികരിച്ചു. ബിജെപി പിന്തുണയോടെ പ്രസിഡന്റായതിനു പിന്നാലെ രാജിവക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവക്കില്ലെന്ന നിലപാടിലായിരുന്നു ശോഭ ചാര്‍ലി. തുടര്‍ന്ന് ഇവരെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കി പ്രസ്താവന ഇറക്കി.
റാന്നി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചുവീതം സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.






