
വെഞ്ഞാറമൂട്: പോത്തന്‍കോട് അയിരൂപ്പാറയിൽ രാധാകൃഷ്ണൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനില്‍കുമാറിന്റെ വീട് തേടി സാറ എന്ന പോലീസ് നായ എത്തിയത് ഇടവഴിയും വയലും പുരയിടങ്ങളും താണ്ടി.
പ്രതിയുടെ വീട്ടിലെത്തിയ സാറ പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച രക്തക്കറപുരണ്ട കൈലി കട്ടിലിന്റെ അടിയില്‍നിന്ന് കണ്ടെത്തി. കൊലനടന്ന സ്ഥലത്തുനിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ചാണ് സാറ ഓടിയത്.
പ്രതിയുടെ ഷര്‍ട്ട് ഹാളില്‍നിന്നു കണ്ടെത്തി. ഇരുവസ്ത്രങ്ങളും കടിച്ചെടുത്തുകൊണ്ട് പുറത്തുവന്ന് കുരച്ചാണ് തെളിവ് ഹാജരാക്കിയത്. നിരീക്ഷണത്തിലായിരുന്ന പ്രതിയെ അത് കഴിഞ്ഞാണ് അറസ്റ്റുചെയ്തത്. വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ 309-ാം നമ്പര്‍ ട്രാക്കറാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ സാറ.സാറാ വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെത്തിയിട്ട് ആദ്യമായി പ്രതിയെ തിരിച്ചറിഞ്ഞ ആദ്യ കേസ് കൂടിയാണ്. സാറയ്ക്ക് പോലീസ് റിവാര്‍ഡിനു ശുപാര്‍ശയും ചെയ്തു.
അയിരൂപ്പാറ ഹരിശ്രീ ട്യൂട്ടോറിയലിനു സമീപം പുരയിടത്തില്‍ ഷെഡ്ഡ് കെട്ടി താമസിക്കുന്ന അറപ്പുര വീട്ടില്‍ രാധാകൃഷ്ണന്(59) ആണ് മരിച്ചത്. കേസിൽ രാധാകൃഷ്ണന്റെ സുഹൃത്തുക്കളായ അയിരൂപ്പാറ സ്വദേശികളായ അനില്‍കുമാര്‍(50), കുമാര്‍(52) എന്നിവരെ പോത്തന്‍കോട് പോലീസ് അറസ്റ്റു ചെയ്തു.
കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന രാധാകൃഷ്ണനെ അനിലും കുമാറും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു. രക്തം വാർന്നു കിടന്ന രാധാകൃഷ്ണനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വെട്ടിപ്പരിക്കേല്പ്പിച്ചവരുടെ പേരുകള്‍ രാധാകൃഷ്ണന് പോലീസിനോടു വെളിപ്പെടുത്തിയിരുന്നു.






