
തിരുവനന്തപുരം: ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ച പക്ഷിപ്പനിയുടെ ഉറവിടം കണ്ടെത്തി. ദേശാടനപ്പക്ഷികളില്‍ നിന്നാണ് കേരളത്തില്‍ പക്ഷിപ്പനി പകര്‍ന്നതെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചു. ആലപ്പുഴയില്‍ നാലിടത്തും കോട്ടയം നീണ്ടൂരിലുമുള്ള പക്ഷികളെ പൂര്‍ണമായും നശിപ്പിക്കാനാണ് തീരുമാനം. പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്കു പടരുന്നത് തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 19 ദ്രുത പ്രതികരണ സംഘങ്ങളെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
പക്ഷിപ്പനി മനുഷ്യരിലേക്കു വ്യാപിക്കുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെതന്നെ അറിയിച്ചിരുന്നു. എന്നാല്‍ മനുഷ്യരിലേക്കു വ്യാപിക്കുന്ന തരത്തിലുള്ള ജനിതകമാറ്റം വൈറസിന് സംഭവിക്കുന്നുണ്ടോ എന്നും ആരോഗ്യവകുപ്പ് നിരീക്ഷിക്കും.
പക്ഷിപ്പനി ബാധിച്ചതോടെ താറാവ്, കോഴി കര്‍ഷകര്‍ക്ക് കനത്തനഷ്ടമാണുണ്ടായത്. ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയനന്തിര ധന സഹായംപ്രഖ്യാപിച്ചു. രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള വളര്‍ത്തു പക്ഷികള്‍ക്ക് നൂറ് രൂപ വീതവും രണ്ടു മാസത്തിനു മുകളില്‍ പ്രായമായവക്ക് ഇരുന്നൂറ് രൂപയുമാണ് സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച് ഇതുവരെ 23857 പക്ഷികളാണ് ചത്തത്. ഇതുകൂടാതെ പ്രഭവകേന്ദ്രങ്ങളിലെ 37,656 പക്ഷികളേയും നശിപ്പിച്ചു. 7729 പക്ഷികള്‍ക്കാണ് കോട്ടയത്ത് പക്ഷിപ്പനി ബാധിച്ചത്.






