വാഷിങ്ടണ്‍: ജോ ബൈഡന് അധികാരത്തിലേറുന്നത് തടയാന്‍ അധികാരമില്ലെന്ന് സെനറ്റ് പ്രസിഡന്റ് കൂടിയായ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇക്കാര്യം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തിരഞ്ഞെടുപ്പു ഫലം തള്ളിക്കളയാന്‍ പെന്സിന് അധികാരം നല്‍കണമെന്ന ട്രംപിന്റെ ആവശ്യം യുഎസ് അപ്പീല്‍ കോടതി നിരസിച്ചു.
എന്നാല്‍ ഇലക്ടറല്‍ കോളേജ് സര്ട്ടിഫിക്കേഷന് തടയാന്‍ പെന്‍സിനു മേല്‍ കടുത്ത സമ്മര്‍ദമാണ് ട്രംപ് ചൊലുത്തുന്നത്. തട്ടിപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ പുറത്താക്കാന്‍ വൈസ് പ്രസിഡന്റിന് അധികാരമുണ്ടെന്നും പെന്‍സ് നമ്മുക്കുവേണ്ടി അതു ചെയ്യുമെന്നും ജോര്‍ജിയയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞിരുന്നു.
നടപടിക്രമം തെറ്റിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് പെന്‍സിനോട് വൈറ്റ് ഹൗസ് അഭിഭാഷകന് ഉപദേശം നല്‍കിയതായി ട്രംപിനെ അറിയിച്ചിരുന്നു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ട്രംപിനെ അറിയിച്ചത്. യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡനും വൈസ് പ്രസിഡന്റായി അധികാരത്തിലെത്തുന്ന കമല ഹാരിസിനെയും തടയാനുള്ള അവസാന ശ്രമമായിട്ടാണ് സംയുക്ത സമ്മേളനത്തെ ട്രംപിന്റെ വിശ്വസ്തര്‍ കാണുന്നത്.
ഇലക്ടറല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ്. ബൈഡന് വിജയം നല്കിയ സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകളെ എതിര്‍ക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 11 സെനറ്റര്‍മാരും നൂറിലേറെ ജനപ്രതിനിധി സഭാംഗങ്ങളും ബൈഡന് വിജയം നല്കിയ സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകളെ എതിര്‍ക്കും.
ഇലക്ടറല്‍ വോട്ടുകളുടെ എണ്ണവും അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമഫലവും ഈ സമ്മേളനത്തിലാണ് പ്രഖ്യാപിക്കുക. പാര്‍ലമെന്റ് അംഗങ്ങളുടെ അധികാരം ഉപയോഗിച്ച് എതിര്‍പ്പ് പ്രകടിപ്പിക്കാനും തെളിവുകള്‍ മുന്നോട്ട് കൊണ്ടുവരാനുമുള്ള നീക്കത്തെ പെന്‍സ് സ്വാഗതം ചെയ്തിരുന്നു.






