ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് വിതരണം ഉടന്‍ ഉണ്ടാകും. വാക്സിനുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കാനായി വിമാനങ്ങള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. വാക്സിന് വിതരണത്തിനുള്ള പ്രധാനകേന്ദ്രം പൂണെ ആയിരിക്കും. ഇവിടെ നിന്നാണ് രാജ്യത്തുടനീളമുള്ള 41 കേന്ദ്രങ്ങളിലേക്ക് വാക്സിനുകള്‍ എത്തിക്കുക. ഉത്തരേന്ത്യയില്‍ ഡല്‍ഹിയും കര്‍ണാലും മിനി ഹബ്ബുകളാകും.
കിഴക്കന്‍ മേഖലയില്‍ കൊല്‍ക്കത്തയാണ് പ്രധാന വിതരണ കേന്ദ്രം. വടക്കു കിഴക്കന്‍ മേഖലയുടെ നോഡല്‍ പോയിന്റ് കൊല്‍ക്കത്തയാണ്. ചെന്നൈയും ഹൈദരാബാദുമാണ് ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നാളെ രാജ്യത്തുടനീളം ഡ്രൈറണ്‍ നടത്താനിരിക്കെ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന് ചര്‍ച്ച നടത്തി.
വാക്സിനുകള്‍ക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന അധികാരികളോട് കേന്ദ്ര ആരോഗ്യ മന്ത്രി നിര്‍ദേശം നല്കി. 'ആദ്യ ഘട്ടത്തില്‍ നാലു സംസ്ഥാനങ്ങളില്‍ നടന്ന ഡ്രൈ റണ്ണിന്റെ പ്രതികരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പുരോഗതി വരുത്തേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. നളെ 33 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡ്രൈ റണ്‍ നടത്തും' സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഹര്‍ഷ വര്ദ്ധന് പ്രതികരിച്ചു.
വാക്സിന് വിതരണത്തിന് മുന്നോടിയായി കുത്തിവയ്ക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും വാക്സിന് സ്വീകരിച്ച വ്യക്തിയെ നിരീക്ഷിക്കേണ്ടതടക്കമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കി കഴിഞ്ഞു. തടസ്സമില്ലാതെ വാക്സിന് വിതരണം നടത്തുന്നതിന്റെ ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. കോവിഷീല്‍ഡും കോവാക്സിനും രാജ്യത്ത് ലഭ്യമാകുന്നതിന്റെ അവസാനഘട്ടത്തിലാണ്.
മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നു. കോവിഡ് മുന്‍കരുതലുകള്‍ മറക്കരുതെന്നും അതിനെതിരെ പോരാട്ടം തുടരണമെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശമനുസരിച്ച് വാക്സിനേഷന് ചില മുന്‍ഗണനാ ഗ്രൂപ്പുകളുണ്ടെന്നും ഹര്‍ഷ വര്ദ്ധന് പറഞ്ഞു.






