ബാഗ്ദാദ്: ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സുലൈമാനിയടക്കം ഏഴ് പേര് ബാഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇത് സംബന്ധിച്ച് ഇറാഖിന്റെ അന്വേഷണം നടക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ മരണശിക്ഷ ലഭിക്കാവുന്ന ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
2020 ജനുവരിയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനിയും അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേര് കൊല്ലപ്പെട്ടത്. മേഖലയില്‍ യുഎസ് സൈന്യത്തിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ സൂത്രധാരന്‍ സുലൈമാനിയാണെന്നാരോപിച്ചായിരുന്നു യുഎസ് അദേഹത്തെ വധിച്ചത്. ഇവരെ കൊലപ്പെടുത്തിയത് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണെന്ന് പെന്റഗണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.






