
ചെന്നൈ : സീരിയൽ നടി വി.ജെ.ചിത്രയുടെ മരണം ഇനി സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചിത്രയെ ഡിസംബര്‍ ഒൻപതിനാണു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ പ്രേരണാകുറ്റത്തിന് ഡിസംബര്‍ 15നു ഭർത്താവ് ഹേംനാഥിനെ അറസ്റ്റ് ചെയ്തിരുന്നു. ചിത്രയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണു കേസിന്റെ അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിറ്റി പൊലീസ് കമ്മിഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പുറത്തിറക്കി.
അഭിനയം നിര്‍ത്താന്‍ നിര്‍ബന്ധിച്ചതും ഹേംനാഥ് മദ്യപിച്ചു സെറ്റിലെത്തി വഴക്കുണ്ടാക്കുന്നതും ചിത്രയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തിയെന്നാണു പൊലീസ് പറയുന്നത്. ഇത് തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നാണ് ഹേംനാഥ് ആരോപിക്കുന്നത്.
അതെ സമയം, എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നു കുട്ടികളിൽനിന്നു ഒരു കോടിയിലധികം രൂപ കബളിപ്പിച്ചെന്ന കേസിൽ ഹേംനാഥിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.






