
തൊടുപുഴ: മലബാറില്‍ അകന്നുനില്ക്കുന്ന ക്രൈസ്തവ സഭയെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് കേരളാ കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന് വിട്ടുനല്‍കാന്‍ നീക്കം. പകരം പേരാമ്പ്ര ലീഗിനു നല്‍കും. ഇതു സംബന്ധിച്ച് യു.ഡി.എഫ്. നേതൃത്വത്തില്‍ ആശയവിനിമയം സജീവമായി.
തിരുവമ്പാടി സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള താമരശേരി രൂപത അടക്കമുള്ള ക്രൈസ്തവസഭകള്‍ കേരളാ കോണ്‍ഗ്രസിനു സീറ്റ് നല്‍കണമെന്ന നിലപാടിലാണെന്നു സൂചനയുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഏറെയുള്ള മണ്ഡലത്തില്‍ ജോസ് വിഭാഗംകൂടി എത്തിയതോടെ എല്‍.ഡി.എഫിന് വോട്ട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടി മുന്നില്‍കണ്ട് മുസ്ലിം ലീഗ് സീറ്റ് കൈമാറാന്‍ സന്നദ്ധത പുലര്‍ത്തുമെന്നാണു കരുതുന്നത്.
സമീപകാലത്തായി മലബാറില്‍ ക്രൈസ്തവരിലെ ചില വിഭാഗങ്ങള്‍ ഇടതുപക്ഷത്തോടു കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. ഇത് മധ്യകേരളത്തിലും പ്രതിഫലിച്ചെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പി.ജെ. ജോസഫ് എം.എല്‍.എയുടെ മകന് അപു ജോണ്‍ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അപു ഇവിടെ മത്സരത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. ഇതുവഴി പരമ്പരാഗതമായി അനുകൂലമായിരുന്ന ക്രൈസ്തവ മേഖലയിലെ വോട്ടുകള്‍ യു.ഡി.എഫിലേക്ക് അടുപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇതു മറ്റു മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് യു.ഡി.എഫിലെ ഒരു വിഭാഗം കരുതുന്നു.
സിറ്റിങ് എം.എല്‍.എയായ സി.പി.എമ്മിലെ ജോര്‍ജ് എം. തോമസ് ആരോഗ്യപ്രശ്നങ്ങളാല്‍ ഇത്തവണ മല്‍സരിക്കില്ലെന്നും സൂചനയുണ്ട്. തുടക്കകാലത്ത് കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന മണ്ഡലത്തില്‍ 1991 മുതലാണ് മുസ്ലിം ലീഗ് മല്‍സരിക്കുന്നത്. 2006 ല്‍ മത്തായി ചാക്കോയാണ് എല്‍.ഡി.എഫിനായി സീറ്റ് പിടിച്ചെടുത്തത്. അദ്ദേഹത്തിന്റെ മരണശേഷം ജോര്‍ജ് എം. തോമസ് ഇവിടെ ലീഗിനെ പരാജയപ്പെടുത്തി. 2011 ല്‍ മുസ്ലിം ലീഗിലെ സി. മൊയിന്കുട്ടിയോട് പരാജയപ്പെട്ട ജോര്‍ജ് എം. തോമസ് 2016 ല്‍ വീണ്ടും വിജയിച്ച് നിയമസഭയിലെത്തി. 3008 വോട്ടായിരുന്നു ഭൂരിപക്ഷം. മലബാറിലടക്കം 15 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. 12 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. വിജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
വിനോദ് കണ്ണോളി






