
രണ്ടു വിധിന്യായങ്ങളാണ് ഈയാഴ്ച മനസിലുള്ളത്. കര്‍ഷകനിയമം സംബന്ധിച്ച സുപ്രീം കോടതിയുടെയും ലൈഫ് മിഷന് ഇടപാടിലെ ഹൈക്കോടതിയുടെയും വിധികള്‍. രണ്ടിനും വലിയ പ്രാധാന്യമുണ്ട്. രാഷ്്രടീയ പ്രാധാന്യമെന്നു തന്നെ പറയാം. അതിനേക്കാളുപരി, ഈ രണ്ടു വിധിന്യായങ്ങളിലേക്ക് കോടതി എത്തിച്ചേര്‍ന്ന രീതിയില്‍ കണ്ട ചില പ്രത്യേകതകളാണ് ശ്രദ്ധിക്കേണ്ടത്. അതില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പേരില്‍ നടന്നുവരുന്ന സമരം സംബന്ധിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവാണ് ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്.
ഇന്നത്തെ കാലത്ത് കോടതികള്‍ മുമ്പാകെ ഏത് വിഷയവും പരിഗണനയ്ക്കു വരാറുണ്ട്. തമാശയായി ചിലപ്പോള്‍ പറയാറുണ്ട്, അറബിക്കടലിന് തീ പിടിച്ചെന്നു പറഞ്ഞു ഹര്‍ജി സമര്പ്പിച്ചാല്പോലും സ്േറ്റ ലഭിക്കുമെന്ന്. അതില്‍ ന്യായാധിപനുമായി ബന്ധപ്പെട്ട ഭാഗം മാറ്റിനിര്‍ത്തുക. അറബിക്കടലിനു തീ പിടിക്കുമ്പോഴും സ്റ്റേ ഉത്തരവിനായി കോടതിയെ സമീപിക്കുന്നതിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറാറുണ്ട് എന്നതേ ഉദ്ദേശിച്ചുള്ളൂ. കോടതിയാണ് പലപ്പോഴും രക്ഷാമാര്ഗമാകാറുള്ളത്. കോടതി പലപ്പോഴും രക്ഷാകവചമാവുന്നതും ശ്രദ്ധിക്കാതെ പോകാനാവില്ല.
പാര്‍ലമെന്റ് പാസാക്കുകയും രാഷ്്രടപതിയുടെ അനുമതിയോടെ നടപ്പാവുകയും ചെയ്തതാണ് കാര്‍ഷിക നിയമങ്ങള്‍.
അതിനെതിരായ ആക്ഷേപമാണ് സുപ്രീം കോടതിയിലുള്ളത്. രാജ്യത്ത് ഒരു നിയമം നടപ്പായാല്‍ അത് ചോദ്യംചെയ്യപ്പെടാം. സുപ്രീം കോടതിയാണ് അതിന് വേദിയാവേണ്ടതും. തീര്‍ച്ചയായും,ആ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയാണ് കോടതിക്ക് പരിശോധിക്കാനാവുക. നിയമം നീതിനിഷേധമാണോ, അത് രാജ്യത്തു നിലവിലുള്ള, ആരുടെയെങ്കിലും ഏതെങ്കിലും ആനുകൂല്യങ്ങള്‍ അന്യായമായി തട്ടിപ്പറിക്കുന്നുണ്ടോ എന്നിവയൊക്കെ പരിശോധിക്കാം. എന്നാല്‍ ഇവിടെ, അതിലേക്കു കടക്കുന്നതിന് മുമ്പ് കോടതി രണ്ടു കാര്യങ്ങളാണ് ചെയ്തത്. ഒന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ തന്നെ പരിഹാരം കാണണമെന്ന നിര്‍ദേശം.
ഒരര്‍ഥത്തില്‍ അത് കോടതിയുടെ ഉത്തരവാദിത്വമാണോ എന്നൊക്കെ ചോദിച്ചേക്കാം. പ്രശ്ന പരിഹാരത്തിന് കൂടിയാലോചനകള്‍ മാര്ഗമാക്കണമെന്നത് ഇന്നത്തെ ഒരു ജുഡീഷ്യല്‍ സമ്പ്രദായമാണ്. അതിനാണ് രാജ്യത്ത് അനവധി മീഡിയേഷന് സെന്ററുകള്‍ കോടതികളുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചത്. ഒരു കേസ് കോടതിയുടെ വിശദമായ പരിഗണനയ്ക്ക് എത്തുന്നതിന് മുന്‍പേ ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ചു രമ്യമായി പരിഹരിക്കാനാവുമോ എന്നുകൂടി അടുത്തകാലത്തായി കോടതികള്‍ ശ്രമിക്കാറുണ്ട്. അതിനായി മധ്യസ്ഥന്മാരെ അഥവാ മീഡിയേറ്റര്‍മാരെ പരിശീലിപ്പിച്ചതും മറ്റും ഇന്ത്യന്‍ നീതിനിര്‍വഹണ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റമാണ്. ആ മാധ്യമത്തെ അല്ല ഇവിടെ കോടതി ആശ്രയിച്ചത് എന്നതോര്‍ക്കുക. മറിച്ച് കക്ഷികളോടും സര്‍ക്കാരിനോടും ചര്‍ച്ച നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇവിടെ വിഷയമതല്ല, അതിലേക്കു കോടതിയെ പ്രേരിപ്പിച്ച ഘടകമാണ്. അത് ഒരു കൂട്ടര് ഇന്നാട്ടില് സര്‍ക്കാരിനെതിരേ സമരം ചെയ്യുന്നു എന്നതാണ്. സമരത്തെ ജുഡീഷ്യറി എതിര്‍ക്കണമെന്നല്ല; എന്നാല്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലേക്കുള്ള വഴികള്‍ തടസപ്പെടുത്തിക്കൊണ്ടുള്ള ഒരു സമരത്തെ അംഗീകരിക്കാനാവുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ടല്ലോ. പാതയ്ക്കരികില്‍ യോഗം നടത്തുന്നത് നിരോധിക്കപ്പെട്ടിട്ടുള്ള രാജ്യമാണിത്. ആ തീരുമാനത്തെ ചോദ്യംചെയ്ത കേരളത്തിലെ പ്രമുഖ സിപിഎം നേതാവിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതും ജയിലിലടച്ചതും ഓര്‍ക്കുക. അപ്പോഴാണ് തലസ്ഥാന നഗരിയെ ബന്ദിയാക്കാനുള്ള ശ്രമം.
ഈ സമരം ഇപ്പോള്‍ എങ്ങിനെയോ നടത്തിക്കൊണ്ടുപോകുകയാണ്. നിയമം റദ്ദാക്കിയിട്ടേ തങ്ങള്‍ തിരിച്ചുപോകൂ എന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹി അതിര്‍ത്തിയിലെത്തിയവര്‍ ഇന്നവിടെയില്ല. ഓരോ ദിവസത്തേക്കും ആളുകളെ എവിടെനിന്നോ ചെല്ലുംചെലവും കൊടുത്തു കൊണ്ടുവരുന്നു. അവര്‍ക്കൊപ്പം ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ കയറാനെത്തിയ മലയാളി യുവതി വരെയുണ്ടായിരുന്നു. കര്‍ഷകരാണോ സമരരംഗത്തുള്ളത് എന്നത് പോലും സംശയാസ്പദമാണ്. ഇതൊക്കെ എല്ലാവര്‍ക്കുമറിയാം, സര്‍ക്കാരിനും. സമരം എത്രനാള്‍ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് പലരും സ്വകാര്യമായി പറയുന്നുമുണ്ട്.
മാത്രമല്ല, ഈ സമരക്കാര്‍ക്ക് രാജ്യവിരുദ്ധ ശക്തികളുടെ പിന്‍ബലമുണ്ട്, ഖാലിസ്ഥാന്‍ ബന്ധമുണ്ട് എന്നതൊക്കെ കോടതിയില്‍ പറഞ്ഞത് അറ്റോര്‍ണി ജനറലാണ്. പാകിസ്താന്റെ പിന്തുണയുണ്ടെന്നു പാക് ടിവി ചര്‍ച്ചചെയ്തത് നമ്മുടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതല്ലേ. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാകയുയര്‍ത്തുന്നവര്‍ക്ക് രണ്ടര ലക്ഷം ഡോളര്‍ കൊടുക്കുമെന്ന് പ്രഖ്യാപിച്ചത് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ്. ഇതൊക്കെ ചെറിയ പ്രശ്നമല്ലല്ലോ. പക്ഷേ, അപ്പോഴും സമരക്കാര്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് നിലവിലെ നിയമം നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി തടയുന്നു. ആ നിയമ ഭേദഗതി ചര്‍ച്ചചെയ്യാനായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നു. ഇനി ഈ നാലംഗ സമിതി പ്രശ്നം വിലയിരുത്തുകയും ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഒരു അഭിപ്രായം കോടതിക്ക് നല്‍കുകയും ചെയ്യും. പിന്നീട് ഈ നിയമത്തിന്റെ സാധുത സംബന്ധിച്ച്, അന്തിമ തീര്‍പ്പുണ്ടാക്കുന്നത് പതിവ് രീതിയില്‍ വിചാരണയിലൂടെയാണ്. മറ്റൊന്ന് തറവില സംവിധാനം നിലനില്‍ക്കുമെന്ന് കോടതി ഉറപ്പുകൊടുത്തു; കര്‍ഷകരുടെ ഭൂമി സംരക്ഷിക്കപ്പെടുമെന്നും അത്യുന്നത നീതിപീഠം തീര്‍ച്ചപ്പെടുത്തി.
നിയമം നടപ്പിലാക്കുന്നത് തടഞ്ഞത് ഉള്‍പ്പടെയുള്ള കോടതിയുടെ തീരുമാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു. നിയമം നടപ്പാക്കുന്നതു സ്റ്റേ ചെയ്യുന്നുവെന്നു ജഡ്ജിമാര്‍ പറഞ്ഞെങ്കിലും വിധി പ്രസ്താവിച്ച ദിനത്തില്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തില്ല. കോടതി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും എന്നല്ലേ സര്‍ക്കാര്‍ നിലപാടെടുത്തത്. ഇക്കാര്യത്തില്‍ കര്‍ഷകരുടെ വക്കീലന്മാര് സ്വീകരിച്ച നിലപാടും സൂചിപ്പിക്കാതെ വയ്യ; തങ്ങളുടെ കക്ഷികളുമായി സംസാരിച്ച് അവരെ സമരരംഗത്ത് നിന്ന് പറഞ്ഞുവിടണം എന്ന് കോടതി ഈ വക്കീലന്മാരോട് നിര്‍ദേശിച്ചിരുന്നു; അവര്‍ അതിന് സമ്മതിച്ചു. അവരിപ്പോള്‍ കോടതിക്കെതിരേ സംസാരിച്ചുകൊണ്ട് നടക്കുന്നു.
ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു ഘടകംകൂടിയുണ്ട്. ഒരു സമരത്തെ വേണ്ടതിലധികം ഗൗരവത്തിലെടുത്തുകൊണ്ട് ഇത്തരത്തില്‍ ഇടപെടാന്‍ കോടതി തയാറായി എന്നതാണത്. അത് നല്‍കുന്നത് നേരായ സൂചനയാണോ എന്നതാണ് പ്രധാന ആശങ്ക. നാളെ വേറെന്തെങ്കിലും കാരണം പറഞ്ഞുകൊണ്ട് വിദേശ സഹായത്തോടെയോ അല്ലാതെയോ കുറെ ആയിരംപേരെ അണിനിരത്തി സമരം തുടങ്ങിയാല്‍ കോടതി ഇടപെടാന്‍ സന്നദ്ധമാവുമോ? ഇപ്പോഴത്തേത് ഒരു കീഴ്വഴക്കമായി മാറിയാലോ? ഇവിടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ എടുത്ത ഏത് തീരുമാനത്തെയാണ്, പൊതു തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ, പ്രതിപക്ഷം പിന്തുണച്ചത്?. ആധാര്‍, ജി.എസ്.ടി, റഫാല്‍, നോട്ട് റദ്ദാക്കല്‍, പൗരത്വ നിയമ ഭേദഗതി, അനുഛേദം- 370 റദ്ദാക്കല്‍, സര്‍ജിക്കല്‍ സ്ട്രൈക്ക്, അയോധ്യ-രാമജന്മഭൂമി, മുത്തലാക്ക്, പുതിയ പാര്ലമെന്റ്റ് മന്ദിര നിര്‍മ്മാണം, ഭീകരര്‍ക്കെതിരായ ശക്തമായ നീക്കങ്ങള്‍... അങ്ങിനെ എല്ലാത്തിനെയും ഇവര്‍ എതിര്‍ത്തുവല്ലോ. കാര്‍ഷിക നിയമ ഭേദഗതി അതില്‍ ഏറ്റവുമൊടുവിലത്തേതാണ്. എന്നാല്‍ ഇങ്ങനെയും കോടതി ഇടപെടാന്‍ തയാറാവുന്നു; ഇത് പുതിയ ജുഡീഷ്യല്‍ ആക്ടിവിസമാണ് എങ്കില്‍..? അതു നീതിപീഠത്തിന്റെ മാറുന്ന മനസാണോ?.
അതേസമയം, കേരളത്തില്‍ നടന്ന ശബരിമല പ്രക്ഷോഭത്തെ കോടതി കണ്ടില്ലല്ലോ; തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് പ്രശ്നത്തില്‍ നടന്ന ജനകീയ സമരമാണ് മറ്റൊന്ന്. അതും സ്മരിക്കേണ്ടതില്ലേ?.






