
മലപ്പുറം: യുഡിഎഫിന്റെ കോട്ടയായി പരിഗണിക്കുന്ന മലപ്പുറം ജില്ലയിലെ മണ്ഡലങ്ങള്‍ പിടിക്കാന്‍ പൊതുസമ്മതരായ സ്വതന്ത്രരെ ഇറക്കിയുള്ള തന്ത്രങ്ങളുമായി സിപിഎം. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ നായകനും കേരളത്തിലെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ പെടുന്നയാളുമായ യു ഷറഫലിയും മറ്റുമാണ് പരിഗണനയില്‍ ഉള്ളത്. കഴിഞ്ഞ തവണ സ്വതന്ത്രര്‍ മത്സരിച്ച മണ്ഡലങ്ങള്‍ക്ക് പുറമേ ഇത്തവണ ഏറനാട്ടും വണ്ടൂരിലും സിപിഎം സ്വതന്ത്രന്മാരെ മത്സരത്തിനിറക്കിയേക്കും.
ഷറഫലിയെ ഫുട്ബോള്‍ ആരാധകര്‍ ഏറെയുള്ള ഏറനാട്ട് പരീക്ഷിക്കാനാണ് നീക്കം. ഷറഫലി വന്നാല്‍ കളം പിടിക്കാമെന്ന് സിപിഎം കരുതുന്നു. അതേസമയം നിലവില്‍ ഇത് സിപിഐ യുടെ സീറ്റാണ് എന്നതാണ് പ്രശ്നം. ഇത്തവണയോടെ സീറ്റ് സിപിഐ യില്‍ നിന്നും ഏറ്റെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും സിപിഎം വെച്ചു പുലര്‍ത്തുന്നുണ്ട്. വണ്ടൂരില്‍ നാട്ടുകാരന് കൂടിയായ മുന്‍ ജില്ലാകളക്ടര്‍ എംസി മോഹന്‍ദാസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ശ്രമം നടത്തുന്നുണ്ട്.
കൂടുതല്‍ മണ്ഡലങ്ങളില്‍ പൊതു സ്വീകാര്യരായ മറ്റാള്ക്കാരേയും പരിഗണിക്കുന്നുണ്ട്. യുഡിഎഫ് കുത്തകയാക്കി വെച്ചിരുന്ന ചില സീറ്റുകളില്‍ സ്വതന്ത്രരെയും വിമതരെയും പരീക്ഷിച്ച കഴിഞ്ഞ തവണത്തെ തന്ത്രം എല്‍ഡിഎഫില്‍ ഗുണകരമായി മാറിയിരുന്നു. തവനൂരില്‍ കെ.ടി. ജലീല്‍, താനൂരില്‍ അബ്ദുറഹിമാന്, നിലമ്പൂരില്‍ പി.വി. അന്‍വര്‍ എന്നിവര്‍ വിജയിച്ചിരുന്നു. ഇതിന് പുറമേ മുസഌംലീഗിന് ശക്തമായ മേല്‍ക്കൈ ഉണ്ടായിരുന്ന തിരൂരങ്ങാടി, തിരൂര്‍ പോലെയുള്ള ഇടങ്ങളില്‍ ഭൂരിപക്ഷം കുറയ്ക്കാനുമായിരുന്നു.






