
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങൾക്ക് 50 ശതമാനം നികുതി ഇളവ് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് 50 ശതമാനം ഇളവ് നല്‍കുന്നത്. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മലിനീകരണങ്ങൾ കുറയ്ക്കുന്നതിനായാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് സംസ്ഥാനം പിന്തുണ നൽകുന്നത്. 30000 രൂപ വരെ സബ്സിഡി ആദ്യത്തെ പതിനായിരം ഇ-ഓട്ടോകൾക്ക് നൽകും. ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന് കെഎസ്എഫ്ഇ വായ്പ അനുവദിക്കും. ഏഴു ശതമാനം പലിശയാണ് ഇതിനായി ചുമത്തുക. ഇലക്ട്രിക് വാഹനങ്ങൾക്ക് കെഎസ്ഇബി 236 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
കേരളത്തിന് പുറമെ, മറ്റ് സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവും വിലയില്‍ സബ്സിഡിയും ഒരുക്കുന്നുണ്ട്. നേരത്തെ കേന്ദ്ര സർക്കാരും ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവും സബ്സിഡിയും പ്രഖ്യാപിച്ചിരുന്നു. 2025-ഓടെ നിരത്തില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.






