
തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി. സി. രവീന്ദ്രനാഥ്. അങ്ങനെ ചെയ്യുന്നതു കുട്ടികളോടുള്ള അനീതിയാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സിലബസ് ചുരുക്കിയാല്‍ ഒഴിവാക്കപ്പെടുന്ന മേഖലകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് ലഭിക്കില്ല. ഇത് തുടര്‍പഠനത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാത്തീയതികള്‍ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് 17-20 വരെയാകും പൊതുപരീക്ഷകള്‍. കോവിഡ് കാലത്തു പുതിയൊരു പരീക്ഷാരീതിയാണു വികസിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് എന്തറിയില്ല എന്നതിനേക്കാള്‍ എന്തറിയാം എന്ന സമീപനമാകും െകെക്കൊള്ളുക. പുതിയ പരീക്ഷാരീതിയില്‍ കൂടുതല്‍ ചോദ്യങ്ങളുണ്ടാകും. താത്പര്യമുള്ള എത്ര ചോദ്യത്തിനു വേണമെങ്കിലും ഉത്തരമെഴുതാം. പരീക്ഷയ്ക്കു ചോദ്യങ്ങള്‍ വരുന്ന ഓരോ അധ്യായത്തിലെയും പ്രധാനഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവിടെനിന്നായിരിക്കും പ്രധാനമായും ചോദ്യങ്ങള്‍. ആകെ വിഷയം സംബന്ധിച്ചും പ്രധാനമേഖലകളെക്കുറിച്ചും ഡിജിറ്റല്‍ ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. പ്രധാനമേഖലകളെക്കുറിച്ചു വീണ്ടും ക്ലാസ് നടത്തും. മോഡല്‍ പരീക്ഷയുണ്ടാകും. വിദ്യാര്ഥിസൗഹൃദപരീക്ഷയാകും നടത്തുക. അഭിരുചിക്കും താത്പര്യത്തിനുമനുസരിച്ച് പരീക്ഷ എഴുതുന്നതിലാണ് ഊന്നല്‍. ചോദ്യമാതൃക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകള്‍ക്കുള്ള ചലഞ്ചിങ് ഫണ്ട് തുടരും
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകള്‍ക്കു ചലഞ്ചിങ് ഫണ്ട് നല്കുന്നതു തുടരുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. എയ്ഡഡ് സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മാനേജ്മെന്റും ജനങ്ങളും ചേര്‍ന്ന് ചെലവഴിക്കുന്നതിനു തുല്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണു ചലഞ്ചിങ് ഫണ്ട്. ബില്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഫണ്ട് നല്കിക്കൊണ്ടിരിക്കുകയാണെന്നും ഗീതാ ഗോപിയുടെ ചോദ്യത്തിനു മന്ത്രി മറുപടി നല്കി.
കൊഴിഞ്ഞുപോക്ക് കുറവ് കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തു പൊതുവിദ്യാലയങ്ങളില്‍നിന്നു കുട്ടികളുടെ കൊഴിഞ്ഞുപോക്ക് മൂന്നുവര്‍ഷത്തിനിടെ നേര്‍പകുതിയായി കുറഞ്ഞെന്നു മന്ത്രി സി. രവീന്ദ്രനാഥ്. പൂട്ടുകയല്ല, സ്കൂളുകള്‍ ജനകീയമാക്കി വികസിപ്പിക്കുകയാണു സര്‍ക്കാര്‍നയമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്തു 2019-20ല്‍ 0.11 ശതമാനമാണു കൊഴിഞ്ഞുപോക്ക് നിരക്ക്. (2016-17ല്‍ 0.22%). ഇതു രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പൊതുവിദ്യാലയങ്ങളില്‍ 6.79 ലക്ഷം വിദ്യാര്‍ഥികള്‍ വര്‍ധിച്ചു. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ കൊഴിഞ്ഞുപോക്ക് വെറും 0.15 ശതമാനമാണ്. (ദേശീയശരാശരി 17.06%). യു.പി. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് 0.06 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.






