
ലക്നൗ: ആമസോണ്‍ പ്രൈമിലെ വെബ്സീരീസായ താണ്ഡവ് വന്‍ വിവാദം ഉയര്‍ത്തി മുന്നേറുമ്പോള്‍ സിനിമയിലെ അഭിനേതാക്കളും നിര്‍മ്മാതാക്കളും കൂടുതല്‍ കുഴപ്പത്തിലേക്ക്. ഹൈന്ദവ വികാരം വൃണപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരേ കടുത്ത നിയമനടപടികള്‍ എടുക്കുമെന്ന് യുപി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും വ്യക്തമാക്കി. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും അടക്കമുള്ളവരും നടീനടന്മാരും കുറ്റക്കാരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആശങ്ക മനസ്സിലാക്കുന്നെന്നും ആവശ്യമായ മാറ്റങ്ങള്‍ വെബ്സീരീസില്‍ വരുത്തുമെന്ന് അണിയറക്കാര്‍ പറഞ്ഞതിന് പിന്നാലെയാണ് കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണവും വന്നിരിക്കുന്നത്. സിനിമയുടെ സംവിധായകന് അലി അബ്ബാസ് സഫര്‍ ഔദ്യോഗികമായി മാപ്പു പറയുകയും ചെയ്തിരുന്നു. ഏതെങ്കിലും വ്യക്തികളുടേയോ, സമൂഹത്തിന്റെയോ വംശത്തിന്റെയോ മതത്തിന്റെയോ വികാരം വൃണപ്പെടുത്തണമെന്നോ ഏതെങ്കിലും മത വിശ്വാസത്തെയോ ഏതെങ്കിലൂം സ്ഥാപനത്തെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ വ്യക്തികളെയോ അപമാനിക്കണമെന്നതോ ആയ ഉദ്ദേശം തങ്ങള്‍ക്ക് ഇല്ലായിരുന്നെന്നും അണിയറക്കാര്‍ പറയുന്നു.
വെബ്സീരിസിനെതിരേ ഉത്തര്‍പ്രദേശില്‍ മുന്ന് കേസുകളാണ് എടുത്തിരിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡയിലാണ് ഏറ്റവും പുതിയതായി കേസ്. സഫര്‍, ആമസോണിന്റെ ഇന്ത്യ തലവന്‍ അപര്‍ണാ പുരോഹിത്, നിര്‍മ്മാതാവ് ഹിമാന്‍ഷു കിഷന് മെഹ്റ, കഥയെഴുതിയ ഗൗരവ് സോളങ്കി, നടന് സെയ്ഫ് അലി ഖാന് നടി ഡിംപിള്‍ കപാഡിയ, സിനില്‍ ഗ്രോവര്‍ എന്നിവരെയെല്ലാം കുറ്റക്കാരായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഒമ്പത് എപ്പിസോഡുകള്‍ വരുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് താണ്ഡവ്. താണ്ഡവിന്റെ നിര്‍മ്മാതാക്കളെ ചോദ്യം ചെയ്യാന്‍ നേരത്തേ യുപി പോലീസ് മുംബൈയില്‍ എത്തിയിരുന്നു.
താണ്ഡവിലെ നടനും സംവിധായകനുമെതിരേ വിശ്വഹിന്ദു പരിക്ഷതും ഹിന്ദു ജാഗരണ്‍ മഞ്ചും പ്രതിഷേധങ്ങളും തുടങ്ങിയിട്ടുണ്ട്. ദേശീയ സുരക്ഷ നിയമ പ്രകാരം ഇവര്‍ക്കെതിരേ കേസെടുക്കാനാണ് ഹിന്ദു സംഘടനകളുടെ ആഹ്വാനം.






