
തിരുവനന്തപുരം: സിഎജിയ്ക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അവകാശ ലംഘനത്തില്‍ ധനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്കി നിയമസഭാ എത്തിക്സ് കമ്മറ്റി. അവകാശലംഘന പരാതിയില്‍ ഐസകിനെതിരേയുള്ള തുടര്‍ നടപടി അവസാനിപ്പിക്കാനാണ് സമിതിയുടെ ശുപാര്‍ശ. സിഎജിയ്ക്ക് എതിരായ മന്ത്രിയുടെ ആരോപണം വസ്തുതയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചു. നേരത്തേ സിഎജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ട പ്രശാന്ത് ഭൂഷണെതിരേ രാജ്യസഭ എത്തിക്സ് കമ്മറ്റി നടപടി എടുക്കാത്ത കിഴ്വഴക്കവും പരിഗണിച്ചാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം റിപ്പോര്‍ട്ടില്‍ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് സ്പീക്കര്‍ അംഗീകരിച്ച ശേഷം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കും.
വോട്ടിംഗ് ഉണ്ടായാലും സര്‍ക്കാര്‍ തീരുമാനത്തിനാകും അംഗീകാരം കിട്ടുക. സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്താനുള്ള നീക്കമാണ് സിഎജി നടത്തുന്നതെന്ന വിമര്‍ശനമാണ് തോമസ് ഐസക് നടത്തിയത്. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന്് ആയിരുന്നു എത്തിക്സ് മുമ്പാകെ ഹാജരായപ്പോള്‍ ധനമന്ത്രിയുടെ പ്രതികരണം. വികസനം തടസ്സപ്പെടുത്താനുള്ള നീക്കമാണ് സിഎജി നടത്തുന്നതെന്ന ആരോപണം ഇന്നും ധനമന്ത്രി നടത്തി.






