
ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശത്ത് അഞ്ഞൂറോളം പക്ഷികളാണ് ചത്തത്.
ഇതോടെ പ്രദേശത്തെ വളര്‍ത്തുപക്ഷികളെ നശിപ്പിക്കുന്നത്(കള്ളിങ്) ഉടന്‍ തുടങ്ങും. ഇവിടെ നിന്ന് ശേഖരിച്ച് അയച്ച സാമ്പിളുകളില്‍ എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ നശിപ്പിക്കും.
ഇതിനായി 10 അംഗ ദ്രുത പ്രതികരണ സംഘം രൂപീകരിച്ചു. പക്ഷിപ്പനി സാധ്യത കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു.






