
തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മറുപടിയുമായി വ്യവസായ മന്ത്രി ഇപി ജയരാജന്. 'പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരണം. വസ്തുതകള്‍ മനസിലാകാതെ കേരളത്തിന്റെ വളര്‍ച്ചയില്‍ അസൂയയോടെ നോക്കുന്നത് കൊണ്ടാണ് പ്രതിപക്ഷത്തിന് കാര്യങ്ങള്‍ ശരയായി നിരീക്ഷിക്കാന്‍ കഴിയാത്തത്' മന്ത്രി വിമര്‍ശിച്ചു.
സംസ്ഥാനത്ത് വ്യവസായങ്ങളുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം വേളിയിലെ കമ്പനിയില്‍ ഒഴികെ കേരളത്തില്‍ എവിടെയെങ്കിലും ഇപ്പോള്‍ സമരമുണ്ടോയെന്ന് ജയരാജന് ചോദിച്ചു. സ്പ്രിംക്ലര്‍ സംബന്ധിച്ച മാധവന് നമ്പ്യാര്‍ റിപ്പോര്‍ട്ട് അന്തിമമല്ല. അതിനു ശേഷം വിദഗ്ദ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ കഴിയൂ എന്നും മന്ത്രി സഭയില്‍ പറഞ്ഞു.
കോവിഡ് വലിയ തോതില്‍ കേരളത്തില്‍ വ്യാപിക്കുമെന്ന കണക്കുക്കൂട്ടലിലാണ് ഇത്തരത്തില്‍ കരാര്‍ നല്‍കിയതെന്നും അത് സംസ്ഥാന താത്പര്യത്തെ ഹനിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പ്രിംക്ലര്‍ കരാറെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ക്യാബിനറ്റ് അടക്കം ആരും അറിയാതെ നടന്ന ദുരൂഹമായ ഇടപാടാണിത്. സ്വന്തം വകുപ്പില്‍ ഇത്രയും വലിയ അഴിമതി നടന്നിട്ട് അറിയാത്ത മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.






