
കോണ്‍ഗ്രസിന്റെ കേരള ഘടകത്തിലുണ്ടായ പുതിയ സംഭവവികാസങ്ങള്‍ തീര്‍ച്ചയായും ഏതൊരു രാഷ്്രടീയ വിദ്യാര്‍ഥിയെ സംബന്ധിച്ചും പ്രധാനമാണ്, പഠനാര്‍ഹവുമാണ്. നാലേമുക്കാല്‍ വര്‍ഷമായി പ്രതിപക്ഷ നേതാവായി വീരോചിതം പ്രവര്‍ത്തിക്കുന്ന രമേശ് ചെന്നിത്തലയെ അക്ഷരാര്‍ഥത്തില്‍ ഒതുക്കി. പരിണിതപ്രജ്ഞനായ ഉമ്മന്‍ ചാണ്ടി യു.ഡി.എഫിനു നേതൃത്വം നല്‍കാനെത്തുന്നു. പത്തംഗ മേല്‍നോട്ടസമിതിക്കും രൂപംനല്കിയിരിക്കുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന് മത്സരത്തിന് ഒരുങ്ങിയതോടെ മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടുകഴിഞ്ഞിരുന്ന ചെന്നിത്തലയ്ക്കു കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകും. സാങ്കല്പ്പികമായ വിഷയമാണെങ്കിലും, യു.ഡി.എഫ്. അധികാരത്തിയാല്‍, താക്കോല്‍ സ്ഥാനമൊന്നും അദ്ദേഹത്തിനു കിട്ടുമെന്നു കരുതാനാകില്ല. പി.കെ. കുഞ്ഞാലിക്കുട്ടിക്കും കെ.പി.സി.സി. പ്രസിഡന്റായ മുല്ലപ്പള്ളിക്കും പിന്നിലാകുമല്ലോ അദ്ദേഹത്തെ ഇരുത്തുക.
തെരഞ്ഞെടുപ്പു വരാനിരിക്കെ െഹെക്കമാന്‍ഡ് ശക്തമായ ചില നടപടികള്‍ സ്വീകരിച്ചെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നത്. ശരിയാണ്, തീരുമാനമുണ്ടായതു ഡല്‍ഹിയിലാണ്. എങ്കിലും അതിനു വഴിയൊരുക്കിയത് എവിടെയാണെന്നതു ശ്രദ്ധിക്കാതെ പോകരുത്. അതാണ് ഈ അഴിച്ചുപണിയിലെ സുപ്രധാന വിഷയം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മുസ്ലിം ലീഗ് നേതൃത്വം ചിലതൊക്കെ വെട്ടിത്തുറന്നു പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നല്ലനിലയ്ക്കു വിജയിച്ചു; പക്ഷേ, യു.ഡി.എഫിനു വലിയ തോതില്‍ കോട്ടമുണ്ടായി. അതിനുത്തരവാദി കോണ്‍ഗ്രസാണ്. ഈ നിലയ്ക്ക് ഈ മുന്നണിക്കു നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകാനാകില്ല... ഇതായിരുന്നു ഏറെക്കുറെ അന്ന് അവര്‍ പറഞ്ഞത്.
പ്രത്യക്ഷത്തില്‍ അതില്‍ അപകടമൊന്നും കാണാനാകില്ല. അതിലേറെ, മുന്നണിയെ കരകയറ്റുന്നതിനുള്ള മാര്ഗത്തെക്കുറിച്ചാണല്ലോ അവര്‍ സംസാരിച്ചതും. യഥാര്‍ഥത്തില്‍ ലീഗിന്റെ ഈ ശക്തമായ താക്കീതുതന്നെയല്ലേ ചെന്നിത്തലയുടെ മോഹങ്ങള്‍ക്ക് അറുതിവരുത്തിയത്? അതുതന്നെയാണെന്നു പറയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതുണ്ടെന്നു തോന്നുന്നില്ല.
കുറെ നാളുകളായി ലീഗിനു കോണ്‍ഗ്രസിലുള്ള വലിയ സ്വാധീനം പരസ്യമാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നതു മുഖ്യമന്ത്രിക്കൊപ്പം കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയുമായിരുന്നല്ലോ. അന്നും പലപ്പോഴും ലീഗ് നേതാവ് പറയുന്നതായിരുന്നു അവസാനവാക്ക്. ഒരുപക്ഷേ, അവരുടെ പരിചയസമ്പത്ത് ഉമ്മന്‍ ചാണ്ടിക്കു സഹായകരവുമായിട്ടുണ്ടാകാം. ഇന്നിപ്പോള്‍ അതല്ല അവസ്ഥ; യു.ഡി.എഫിലോ കോണ്‍ഗ്രസിലോ മാത്രമല്ല കോണ്‍ഗ്രസ് െഹെക്കമാന്ഡിലും മുസ്ലിം ലീഗിനു വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് പാണക്കാടുനിന്നു ലഭിച്ച ഉറപ്പുകൊണ്ടാണെന്നതു പരസ്യമായ രഹസ്യമാണല്ലോ. അതായത്, ലീഗ് എന്താഗ്രഹിക്കുന്നോ, അതേ നടക്കൂവെന്ന്. അവിടെയാണ് ചെന്നിത്തലമാര്‍ പുറംതള്ളപ്പെട്ടുപോകുന്നത്. ലീഗിന്റെ ആഗ്രഹങ്ങള്‍ മുഴുവന്‍ വെളിച്ചം കാണാനിരിക്കുന്നതേയുള്ളൂ എന്നതും സൂചിപ്പിക്കേണ്ടതുണ്ട്. സീറ്റ് വിഭജനസമയത്ത് മറ്റൊരു വിരാട് രൂപം കേരളം കാണുകതന്നെ ചെയ്യും; പിന്നെ വിജയിച്ചാല്‍, മന്ത്രിസഭാ രൂപീകരണവേളയിലും. 2011-ല്‍ അഞ്ചാം മന്ത്രിയെ ചോദിച്ചതുപോലെയാകില്ല എന്നതും ഉറപ്പിക്കാം.
ഇവിടെ ഒന്നുകൂടി സൂചിപ്പിക്കാതെവയ്യ. എ.കെ. ആന്റണിയുടെ പഴയ മത്തായി മാഞ്ഞൂരാന് സ്മാരക പ്രഭാഷണമാണത്. ന്യൂനപക്ഷ മതക്കാര്‍ അര്‍ഹതപ്പെട്ടതിലധികം പലതും നേടിയെടുക്കുന്നു, അതിനായി ശ്രമിക്കുന്നു എന്നൊക്കെയല്ലേ ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തുറന്നുപറഞ്ഞത്. പ്രസ് അക്കാദമിയുടെ പരിപാടിയില്‍ മുഖ്യമന്ത്രിയെന്ന നിലയിലായിരുന്നു അതെന്നുകൂടി ഓര്‍ക്കുക. ആ ആന്റണിയും ഇപ്പോള്‍ െഹെക്കമാന്‍ഡിന്റെ ഭാഗമാണ്; കേരളത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് നിരത്തുന്ന ആവശ്യങ്ങള്‍ അതേപടി അംഗീകരിക്കുന്നതില്‍ അദ്ദേഹത്തിനുമുണ്ട് ഒരു പ്രധാന റോള്‍. ആന്റണിയും പലതും മറന്നിരിക്കുന്നു; അതോ അധികാരമാണ് മറ്റെന്തിനേക്കാളും വലുതെന്ന് അദ്ദേഹത്തിനും ബോധോദയമുണ്ടായോ?
യാദവകുലവും ചെന്നിത്തലയും
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്, രമേശ് ചെന്നിത്തലയുടെ ഒരു പ്രവചനം കേരളം കേട്ടിരുന്നു. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ബി.ജെ.പി. തകര്‍ന്നടിയും; യാദവകുലം പോലെ തമ്മിലടിച്ചു തകരും... വളരെ ആവേശത്തിലായിരുന്നു അന്നദ്ദേഹം. ഏതു രാഷ്ട്രീയ പണ്ഡിതനാണാവോ ആ രഹസ്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. അന്നുതന്നെ അതിനു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടി നല്‍കിയതാണ്; ആരാണ് തകരുന്നതെന്നത് തെരഞ്ഞെടുപ്പ് കഴിയുമ്പോഴറിയാം. സുരേന്ദ്രന് അന്നു പറഞ്ഞത് എത്രമാത്രം ശരിയായി എന്നതല്ലേ ഇപ്പോള്‍ കാണുന്നത്. ഡല്‍ഹിയിലെ ഉന്നതതലയോഗത്തിന് ശേഷം പുറത്തേക്കു വരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ചില പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു; അതില്‍ ചെന്നിത്തലയെ കണ്ടവര്‍ ജീവിതത്തില്‍ മറക്കുമോ? ഒരാളോടും ഒരു പാര്‍ട്ടിയും ഇത്രയ്ക്കൊക്കെ ചെയ്തുകൂടാത്തതാണ്, ഒരു സംശയവുമില്ല.
കെ.വി.എസ്. ഹരിദാസ്





