കൊല്‍ക്കത്ത: ബിഎസ്എഫിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് സുനില്‍ അറോറ. അതിര്‍ത്തിയില്‍ ബിഎസ്എഫ് ജനങ്ങളെ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പാനലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അര്‍ദ്ധസൈനികര്‍ ഈ ആരോപണത്തെ തള്ളിയിരുന്നു. അടിസ്ഥാന രഹിതമാണ് ഈ ആരോപണമെന്നായിരുന്നു സൈന്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാജ്യത്തെ ഏറ്റവും വലിയ സൈനിക വിഭാഗമായ ബിഎസ്എഫിനെ രാഷ്ട്രീയതാല്പര്യങ്ങള്ക്കായി വലിച്ചിഴക്കരുതെന്ന് സുനില്‍ അറോറ പ്രതികരിച്ചു. 'ബിഎസ്എഫിനെതിരെ ഒരു പാര്‍ട്ടി ഗുരുതരമായ ആരോപണം ഉന്നയിച്ചത് കണ്ടു. ഞാന്‍ അവരോട് തെളിവ് ചോദിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക വിഭാഗമാണ് ബിഎസ്എഫ്. രാഷ്ട്രീയ വിരോധം മൂലം ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഒരു സൈനിക വിഭാഗത്തിന് നേരെയും ഉയരരുത്' എന്ന് അദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇലക്ഷന് കമ്മിഷന് ഓഫ് ഇന്ത്യയുടെ ഫുള്‍ ബഞ്ച് സംസ്ഥാനത്തെത്തിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 'ഞങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തി. അവര്‍ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് അറിയിച്ചു. തിരഞ്ഞെടുപ്പില്‍ വലിയ മത്സരം നടക്കുന്നതിനാല്‍ രാഷ്ട്രീയ അക്രമങ്ങളിലേക്കും തിരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്ന കാര്യങ്ങളും ചര്‍ച്ചചെയ്തു' അറോറ പറഞ്ഞു.
ചില പാര്‍ട്ടികള്‍ കേന്ദ്ര സായുധ പോലീസ് സേനയുടെ പ്രാതിനിധ്യത്തെക്കുറിച്ച് അഭിപ്രയപ്പെട്ടു. എന്നാല്‍ ചില പാര്‍ട്ടികള്‍ വോട്ടര്‍ പട്ടികയിലെ അപാകതകളെ കുറിച്ച് ആശങ്ക അറിയിച്ചെന്നും അദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോളിംഗ് സേറ്റേഷമുകളുടെ എണ്ണം വര്‍ധിക്കുമെന്നും അദേഹം പറഞ്ഞു.
നേരത്തെ 78,903 പോളിംഗ് സ്റ്റേഷനുകളായിരുന്നു പശ്ചിമ ബംഗാളിലുണ്ടായിരുന്നത്. എന്നാല്‍ ഇത് 1,01,790 ആയി ഉയരും. എന്നാല്‍ ഇലക്ഷനില്‍ ബംഗാള്‍ പോലീസ് ഇടപെടലുണ്ടാകരുടതെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഇലക്ഷന് കമ്മിഷന് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ ഉറപ്പു നല്‍കിയെന്നും അറോറ പറഞ്ഞു.






