
കാട്ടാക്കട :വിതരണം ചെയ്യാനുള്ള ആധാർ കാർഡ് ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തു. കരകുളം പോസ്റ്റ് ഓഫിസ് പരിധിയിൽ വിതരണം ചെയ്യേണ്ട 306 കാർഡുകളാണ് കാട്ടാക്കടയിലെ ആക്രിക്കടയിൽ നിന്നു കണ്ടെടുത്തത്.
കരകുളം പോസ്റ്റ് ഓഫിസിലെ പോസ്റ്റ്വുമണിന്റെ ഭർത്താവാണ് ഇവ ആക്രിക്കടയിൽ വിൽപന നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറയുന്നു.
സമീപത്തെ ചില പൊതു പ്രവർത്തകരാണ് ആക്രിക്കടയിൽ ആധാർ കാർഡുകൾ കണ്ടത്. തുടർന്ന് ഇവ എണ്ണി തിട്ടപ്പെടുത്തി. ഇന്നലെ രാവിലെ കാട്ടാക്കട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് കരകുളം പോസ്റ്റ് ഓഫിസിലെത്തി അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കേസ് റജിസ്റ്റർ ചെയ്തതായും ആരെയും പ്രതി ചേർത്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു






