
കണ്ണൂര്‍: കാസര്‍കോട് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചയാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വ്യാപാരിയായ ചെമ്മനാട് സ്വദേശി സി.എച്ച്. മുഹമ്മദ് റഫീഖ്(48) മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
റഫീഖിന്റെ ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയ യുവതിയെ റഫീഖ് അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.യുവതി റഫീഖിനെ ചോദ്യം ചെയ്തതോടെ റഫീഖ് ഇറങ്ങിയോടുകയായിരുന്നു.
ഇതിനിടെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി. യുവതി പിന്നാലെ ഓടിയതോടെ സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും മറ്റുള്ളവരും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച റഫീഖിനെ ഇവര്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിനിടെ ഇയാള്‍ കുഴഞ്ഞ് വീഴുകയും വായില്‍ നിന്ന് നുരയും പതയും വന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.





