
വയനാട്: റിസോര്‍ട്ടില്‍ യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദേശം.
ഹോം സ്റ്റേകളുടെയും റിസോര്‍ട്ടുകളുടെയും ലൈസന്‍സ് പരിശോധിച്ച ശേഷമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക. സ്റ്റോപ്പ് മെമ്മോ നല്‍കിയത് പഞ്ചായത്താണ്. ലൈസന്‍സ് ഉള്ളവയ്ക്ക് മാത്രമായിരിക്കും ഇനി പ്രവര്‍ത്തിക്കാന്‍ അനുമതി.
മേപ്പാടി എലിമ്പിരിയില് റിസോര്‍ട്ടിലെ ടെന്റില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു യുവതിയെ കാട്ടാന ചവിട്ടിക്കൊന്നത്. സംഭവത്തെ തുടര്‍ന്ന യുവതി താമസിച്ചിരുന്ന റിസോര്‍ട്ട് പൂട്ടി. ഹോംസ്റ്റേയുടെ ലൈസന്‍സ് വെച്ച് റിസോര്‍ട്ട് നടത്തിയതിന് ഇവര്‍ക്കെതിരേ നടപടിയുമെടുത്തു. സംഭവം നടന്നയുടന്‍ തന്നെ പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി യോഗം ചേര്‍ന്നിരുന്നു.
സൗത്ത് വയനാട് വനമേഖലയും നിലമ്പൂര്‍ വനമേഖലയും ചേര്‍ന്ന് കിടക്കുന്ന വനപ്രദേശത്തോട് ചേര്‍ന്നായിരുന്നു ദുന്തമുണ്ടായത്. ജനവാസ മേഖല അല്ലാത്തതിനാല്‍ വനത്തിനും തോട്ടത്തിനും ഇടയില്‍ ട്രഞ്ചുകളോ സംരക്ഷണ വേലികളോ ഇല്ലായിരുന്നു.
യാതൊരു അനുമതിയും കൂടാതെയാണ് ടെന്റുകെട്ടി വിനോദ സഞ്ചാരികളെ ഇത്തരം കേന്ദ്രത്തിലേക്ക് ക്ഷണിക്കുന്നത്. പലപ്പോഴും ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് ടൂറിസം വകുപ്പിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ വിവരമില്ല. ലോക് ഡൗണില്‍ വന്‍ നഷ്ടം നേരിട്ടതോടെയാണ് ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇറങ്ങിയത്.






