
ആന്ധ്രയില്‍ പുനര്‍ജ്ജന്മം കാംഷിച്ച് പെണ്മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും നേടിയ മാതാപിതാക്കളുടെ ഉന്നത വിദ്യാഭ്യാസം നേടിയ മക്കളും കടുത്ത അന്ധവിശ്വാസം പുലര്‍ത്തിയിരുന്നതായി പോലീസ്. മൂത്തമകള്‍ ആലേഖ്യ അടുത്തകാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ പോസ്റ്റുകള്‍ ഇതിനെ സൂചിപ്പിക്കുന്നതായിരുന്നു.
27 കാരി ആലേഖ്യ ജനുവരി 21 ന് ഇട്ട പോസ്റ്റ് ''ശിവന് വരുന്നു'' എന്നായിരുന്നു. തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്പോള്‍ പെണ്മക്കള് പുനര്‍ജ്ജനിക്കും എന്ന് പറഞ്ഞായിരുന്നു പൂജാ വിധികള്ക്കൊടുവില് മാതാപിതാക്കള്‍ പെണ്മക്കളെ കൊലപ്പെടുത്തിയത്. അന്ധ വിശ്വാസത്തിന്റെ ഞെട്ടിക്കുന്ന രംഗങ്ങളും വിവരങ്ങളുമാണ് വീട്ടില്‍ നിന്നും കിട്ടിയതെന്ന് മാടനപ്പള്ളി പോലീസ് പറയുന്നു.
അയല്‍ക്കാര്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് ഞായറാഴ്ച രാത്രി 8.05 നായിരുന്നു മടനാപള്ളി പോലീസ് ഇവരുടെ വീട്ടിലേക്ക് ബലമായി കയറിയത്. ഡംബല്‍സിന് അടിച്ചു കൊലപ്പെടുത്തിയ നിലയില്‍ രക്തപ്പുഴയില്‍ കുളിച്ചു കിടക്കുകയായിരുന്നു ആലേഖ്യയും സായി ദിവ്യയും. പോലീസ് എത്തുമ്പോള്‍ പുരുഷോത്തമന് ലിവിംഗ് റൂമില്‍ പ്രാര്ത്ഥനയലായിരുന്നു. വീട് പരിശോധിച്ചപ്പോള്‍ മൂത്തമകള്‍ ആലേഖ്യയും ഇളയമകള്‍ സായി ദിവ്യയും താഴത്തെ നിലയിലെ പൂജാമുറിയില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. ആലേഖ്യയുടെ തലയില്‍ ആഴത്തില്‍ മുറവേറ്റിരുന്നു. മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇളയമകള്‍. രണ്ടുപേരുടേയും ശരീരത്ത് വസ്ത്രങ്ങള്‍ പോലും ഉണ്ടായിരുന്നില്ല.
കൊലപാതകത്തെക്കുറിച്ച് ചോദ്യം ചെയ്യലിനിടയില്‍ തന്റെ പൂജാവിധി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതില്‍ പത്മജ പോലീസിന് നേരെ ക്ഷോഭിക്കുകയായിരുന്നു. പോലീസ് വീട്ടിലേക്ക് സാത്താനെ കൊണ്ടു വന്നെന്ന് ഇവര്‍ പറഞ്ഞു. പോലീസുകാര്‍ വാതില്‍ തുറന്നപ്പോള്‍ ദുഷ്ടശക്തികള്‍ വീട്ടിനുള്ളിലേക്ക് കയറിയതാണ് മക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാതെ പോയതെന്ന് പത്മജ പറഞ്ഞു. പോലീസുകാര്‍ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു വന്നിരുന്നെങ്കില്‍ തന്റെ പെണ്മക്കള് ഉയര്‍ത്തെഴുന്നേറ്റ് അത്ഭുതം സംഭവിച്ച വീടായി മാറിയേനെ എന്നും ഇവര്‍ പറഞ്ഞു.
ഇളയമകളുടെ തലയ്ക്കുള്ളില്‍ ദുഷ്ടശക്തി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു എന്നും തല തകര്‍ത്ത് താന്‍ അതിനെ തുറന്നു വിട്ടെന്നും പത്മജ പറഞ്ഞു. അത്ഭുതങ്ങളുടെ വീടാകുമെന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും തങ്ങള്‍ക്ക് സന്ദേശം കിട്ടിയെന്നുമാണ് പുരുഷോത്തമന് പോലീസിനോട് പറഞ്ഞത്. ഞായറാഴ്ചയാണ് ആലേഖ്യയെയും ഇളയ സഹോദരി സായി ദിവ്യയേയും മാടനപ്പള്ളിയിലെ വീട്ടില്‍ മാതാപിതാക്കളാല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിന്റെ റെക്കോഡ് ചെയ്യപ്പെട്ട വീഡിയോയിലും മാതാപിതാക്കളുടെ അന്ധവിശ്വാസം പ്രകടമായിരുന്നു. ഒരു പകല്‍ നല്കിയാല് മക്കളെ ഉയിര്ത്തെഴുന്നേല്പ്പിക്കും എന്ന് മാതാവ് പത്മജ ഉറച്ചു വിശ്വസിച്ചിരുന്നു.
‘‘തങ്ങള്‍ വിശ്വാസികളാണ്. ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. മൂത്തമകള്‍ ആലേഖ്യയും കടുത്ത വിശ്വാസിയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങള്‍ വേണ്ട നേര്ച്ചകാഴ്ചയെല്ലാം ചെയ്തു കഴിഞ്ഞു. ഇനി ശുദ്ധി കൂടി ചെയ്യണം അതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകില്ല.’’ തങ്ങളുടെ പൂജ പോലീസ് എത്തി മുടക്കിയെന്നും പത്മജ പറയുന്നുണ്ട്.
പൂജാവിധി പ്രകാരമുള്ള കാര്യങ്ങള്‍ തങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയതാണെന്നും അതിന് ഫലം കിട്ടുമെന്നും ഭര്‍ത്താവും ഭാര്യയും പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും ഒരു മണിക്കൂറോളം മകള്‍ ജീവിച്ചിരുന്നത് തങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ ഫല സിദ്ധിയുണ്ട് എന്നതിന് തെളിവാണെന്നും പത്മജ പറഞ്ഞു. ദൈവത്തില്‍ നിന്നും കിട്ടിയ ആശയങ്ങള്‍ പ്രകാരം ഇത്തരം കാര്യങ്ങള്‍ മുമ്പും ശരിയായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സാത്ത് യുഗം തുടങ്ങുമ്പോള്‍ ദൈവം വരുമെന്ന് ദൈവത്തില്‍ നിന്നും മകള്‍ക്ക് ദൂത് കി്ട്ടിയിരുന്നതായി നായ്ഡുവും പറഞ്ഞു. കലിയുഗം അവസാനിക്കുമ്പോള്‍ സാത്ത് യുഗം വരുമെന്ന് പത്മജയും ഭര്‍ത്താവിനെ പിന്താങ്ങി.
ആത്മീയ കാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ പാലിക്കാന്‍ താന്‍ നിര്‍ബ്ബന്ധം പിടിച്ചിരുന്നതായി നായ്ഡു പോലീസിനോട് പറഞ്ഞു. മുമ്പും പൂജാകാര്യങ്ങള്‍ തങ്ങള്‍ക്ക് ഫലം നല്‍കിയിരുന്നതായി ഇയാള്‍ പറഞ്ഞു. അലോസരപ്പെടുത്തുന്ന വീഡിയോകളില്‍ പെണ്മക്കള് മരിച്ച ശേഷമാണ് കാര്യങ്ങള്‍ തെറ്റായിരുന്നെന്ന് നായ്ഡു മനസ്സിലാക്കിയത്. അതേസമയം തന്റെ വിശ്വാസങ്ങളെ അത്ര പെട്ടെന്നൊന്നും വിട്ടു കളയാന്‍ പത്മജ കൂട്ടാക്കിയില്ല. പൂജ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പോലീസ് വന്നു കയറിയതാണ് കുഴപ്പമായതെന്നും വിധി പ്രകാരമുള്ള പൂജാദി കര്‍മ്മങ്ങള്‍ തടസ്സപ്പെട്ടതിന് പോലീസിനെ കുറ്റം പറയാനാണ് ഇവര്‍ തുനിഞ്ഞത്. വിശ്വാസത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആയിരുന്നതിനാല്‍ പോലീസ് പെട്ടെന്ന് ഇവരെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. നായ്ഡു പിന്നീട് സഹകരിച്ചെങ്കിലും പത്മജയുടെ മനോനില ശരീയായിട്ടില്ല.
പ്രോട്ടോകോള്‍ പ്രകാരം ചൊവ്വാഴ്ച പത്മജയെ കോവിഡ് പരിശോധനയ്ക്കായി അയച്ചിരുന്നു. എന്നാല്‍ താവന് ശിവഭക്തയാണെന്നും ശിവഭഗവന്‍ തന്റെ ശരീരത്തിലേക്ക് കൊറോണാ വൈറസിനെ കയറ്റിവിടില്ലെന്നും ഇവര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ കസേരയില്‍ ഇരുത്തി സാമ്പിള്‍ എടുക്കാന്‍ ഒരുങ്ങിയപ്പോഴും ഇവര്‍ പ്രതിരോധത്തിലായിരുന്നു. അതേസമയം പെണ്മക്കളുടെ ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍ നായ്ഡു വിതുമ്പലടക്കാന്‍ കഷ്ടപ്പെട്ടു.
മടനപ്പള്ളി സര്‍ക്കാര്‍ കോളേജില്‍ പുരുഷോത്തമന് രസതന്ത്രം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറും പത്മജ ചിറ്റൂരിലെ ഒരു കോര്‍പ്പറേറ്റ് സ്കൂളില്‍ പ്രഥമാദ്ധ്യാപികയും ആണെങ്കിലും പുരുഷോത്തമന്റെ കുടുംബം കടുത്തു വിശ്വാസിളാണെന്നാണ് അയല്‍ക്കാരും പറയുന്നത്.മെഹര്‍ബാബ, സായിബാബ, രജനീഷ്, ഓഷോ തുടങ്ങിയരുടെയെല്ലാം വിശ്വാസികളായിരുന്നു. ഇവര്‍ പതിവായി ഷിര്‍ദ്ദിയും സന്ദര്‍ശിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ആലേഖ്യയുടെ പോസ്റ്റുകളും ഇത് സ്ഥിരീകരിക്കുന്നു.
കോവിഡ് മഹാമാരിയില്‍ ലോക്ക്ഡൗണ്‍ ആക്കിയത് മുതല്‍ ഈ വീട് ഒറ്റപ്പെട്ട നിലയിലായിരുന്നു. വീട്ടു ജോലിക്കാരെ പോലും അകത്തേക്ക് കടത്തിവിട്ടില്ല. ഭോപ്പാലില്‍ ഫോറസ്റ്റ് സ്റ്റഡീസില്‍ ഡിപ്ളോമ പുര്‍ത്തിയാക്കിയ ആലേഖ്യ തന്റെ പ്രായത്തിലെ മറ്റ് പെണ്‍കുട്ടികളെ പോലെ ഇന്‍സ്റ്റാഗ്രാം പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു. സ്വന്തം അക്കൗണ്ടില്‍ സ്വന്തം ചിത്രങ്ങളും കൂട്ടുകാരുടേയും കുടുംബാംഗങ്ങളുടെയുമെല്ലാം ചിത്രങ്ങളും പോസ്റ്റു ചെയ്തിരുന്നു.






