
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരെ ചെങ്കോട്ടയിലേക്കു ''വഴിതെറ്റിച്ച'' തിനു പിന്നിലെ സൂത്രധാരന്മാരില് ഒരാളെന്നു കരുതുന്ന ലാഖാ സിദ്ധാന ഒരു കാലത്തു നാടിനെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട. പഞ്ചാബിലെ ഭട്ടിന്‍ഡ ജില്ലയിലെ സിദ്ധാന സ്വദേശിയാണ് ലാഖാ സിദ്ധാന എന്നറിയപ്പെടുന്ന ലഖ്ബീര്‍ സിങ്. ബൂത്ത് പിടിത്തം, വധശ്രമം, കൊലപാതകം, കവര്‍ച്ച, ആയുധനിയമലംഘനം തുടങ്ങി രണ്ടു ഡസനിലേറെ കേസുകളില്‍ പ്രതി.
വിദ്യാര്‍ഥി നേതാവായിരിക്കെ ചെറിയ അടിപിടികളില്‍ തുടങ്ങി പിന്നീടു വലിയ കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു നീങ്ങുകയായിരുന്നു. ശിരോമണി അകാലിദള്‍ നേതാവ് സിക്കന്ദര്‍ സിങ് മാലൂക്കിന്റെ അനുയായി ആയിരുന്നു സിദ്ധാന. 2004 ല്‍ ആദ്യമായി ജയിലിലായി. 2017 വരെ പല തവണ അഴിക്കുള്ളിലായി. മാല്‍വ യൂത്ത് ഫെഡറേഷന് എന്ന സംഘടനയുടെ നേതാവ് കൂടിയാണ്.
സംഘടനയുടെ പ്രവര്‍ത്തകര്‍ ഭട്ടിന്‍ഡ-ബര്‍നാല ഹൈവേയിലെ ദിശാസൂചക ബോര്‍ഡുകളില്‍ കരിപൂശിയതിന്റെ പേരില്‍ 2017 ല്‍ സിദ്ധാന അറസ്റ്റിലായി. ബോര്‍ഡുകളില്‍ പഞ്ചാബി വാക്കുകള്‍ ഉപയോഗിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടിയുടെ പേരില്‍ സിദ്ധാന ഒരിക്കല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കെട്ടിവച്ച കാശ് നഷ്ടമായി. രണ്ടു തവണ വെടിയേറ്റിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടു.
സിദ്ധാനയുടെ സംഘത്തില്‍പ്പെട്ട 44 പേര് എതിരാളികളുമായും പോലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയിട്ടുള്ള സിദ്ധാന കബഡി താരവുമാണ്. നിരവധി കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേ തന്റെ അമ്മയെയും ഭാര്യയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണു കുറ്റകൃത്യങ്ങളുടെ ലോകത്തോടു വിട പറഞ്ഞ് സിദ്ധാന ആക്ടിവിസത്തിലേക്കു തിരിഞ്ഞത്.






