
ജലന്ധര്‍: ഡല്‍ഹിയില്‍ റിപ്പബഌക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍റാലി കലാപമായതിന്റെ പേരില്‍ പഴി കേട്ടതിന് പിന്നാലെ പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു ഒളിവില്‍. റാലി കലാപമായി മാറുകയും ചെങ്കോട്ടയില്‍ സിഖുകാരുടെ പതാക ഉയര്‍ത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ദീപ് സിദ്ധു ഒളിവില്‍ പോയത്.
ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്നും ഫേസ്ബുക്ക് വഴി നടത്തുന്ന വീഡിയോയിലൂടെയും പോസ്റ്റിലൂടെയും മറ്റുമാണ് തന്റെ അഭിപ്രായം സിദ്ധു പറയുന്നത്. ദീപ് സിദ്ധു ഓടുന്നതിന്റെയും ഒരു മോട്ടോര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെയും വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ സമരം നടത്തുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വില്ലനായി ചൂണ്ടിക്കാട്ടുന്നത് ദീപ് സിദ്ധുവിനെയാണ്. ഇയാളെ സമരം പൊളിക്കാനെത്തിയ ആര്‍എസ്എസ് ഏജന്റായിട്ടാണ് കര്‍ഷകര്‍ പറയുന്നത്.
പഞ്ചാബി ഭാഷയിലെ നടനെന്ന ഇമേജിനപ്പുറത്തേക്ക് കര്‍ഷക സമര നേതാവ് എന്ന ഇമേജിലേക്ക് സിദ്ധു എത്തിയത് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലെ അതിര്‍ത്തിയായ പാട്യാലയിലെ ശംഭു ബാരിയറില്‍ ഒക്ടോബര്‍ ആദ്യം നടത്തിയ പ്രതിഷേധം മുതലാണ്. സാമൂഹ്യ മാധ്യങ്ങളില്‍ നടത്തിയ പോസ്റ്റുകളിലൂടെ അനേകം ഫോളോവേഴ്സിനെയും ഉണ്ടാക്കി. ചൊവ്വാഴ്ചത്തെ സംഭവത്തിന് ശേഷവും അനേകര്‍ സിദ്ധുവിന് പിന്തുണയുമായി എത്തി. സ്വന്തം പിഴവുകള്‍ മറയ്ക്കാന്‍ മാധ്യമങ്ങളും കര്‍ഷക നേതാക്കളും സിദ്ധുവിനെ ബലിയാടാക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.
നേരത്തേ തന്നെ സിദ്ധുവും കര്‍ഷക യൂണിയനുകളും തമ്മില്‍ നില നിന്നിരുന്ന ഉരസലുകള്‍ കഴിഞ്ഞ രണ്ടു മാസമായി പുതിയ സംഭവത്തോടെ കൂടിയിട്ടുണ്ട്. ഡിസംബര്‍ 10 ന് നടത്തിയ ഫേസ്ബുക്ക് ലൈവില്‍ സമരം ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള കമ്യൂണിസ്റ്റ് യൂണിയനുകളുടെ അജണ്ഡയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ സമരത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കമെന്ന ആക്ഷേപം വന്നതോടെ പിറ്റേന്ന് തന്നെ ദീപ് സിദ്ധു ക്ഷമ പറയുകയും ചെയ്തു. റെഡ് ഫോര്‍ട്ടില്‍ സിഖ് പതാക ഉയര്‍ത്തി പ്രശ്നം ഉണ്ടാക്കിയത് സിദ്ധുവാണെന്ന്് സമര നേതാക്കളില്‍ ഒരു വിഭാഗം ആരോപിച്ചതിനെതിരേയും സിദ്ധു രംഗത്ത് വന്നു.
അഞ്ജാത കേന്ദ്രത്തില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയുമായി ഫേസ്ബുക്കില്‍ എത്തിയാണ് പ്രതികരിച്ചത്. ''താന്‍ ഒറ്റുകാരനാണെങ്കില് എല്ലാ കര്‍ഷക നേതാക്കളും ഒറ്റുകാരാണ്്. ലക്ഷക്കണക്കിന് പേര്‍ക്ക് താന്‍ പ്രചോദനമായി മാറി എന്നാണ് വിലയിരുത്തുന്നതെങ്കില്‍ നിങ്ങളൊക്കെ എന്തു തരം നേതാവാണ് ? നിഷാന്‍ സാഹിബ് കൊടി ചെങ്കോട്ടയില്‍ സ്ഥാപിച്ചത് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരാണോ? ആണെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകരെയാണോ നിങ്ങള്‍ ഒറ്റുകാരെന്ന് വിളിക്കുന്നതെന്നും കഴിഞ്ഞ രാത്രി ഫേസ്ബുക്കില്‍ ഇട്ട വീഡിയോയില്‍ പറഞ്ഞു. സമരത്തില്‍ നിന്നും കര്‍ഷക നേതാക്കള്‍ പിന്നോട്ട് പോകുകയാണെന്നും പറയുന്നുണ്ട്.






