
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞ റിപ്പബ്ലിക്ക് ദിനം. തലസ്ഥാന നഗരിയില്‍ അന്ന് നടക്കാറുള്ള പരേഡ് രാജ്യത്തിന്റെ ശക്തി വിളിച്ചോതുന്നതാണ്. അതേ മുഹൂര്‍ത്തത്തില്‍ കലാപമുണ്ടാക്കാന്‍ കര്‍ഷകരുടെ മേലങ്കിയണിഞ്ഞ കുറേപ്പേര് തയാറായാലോ?. ചുവപ്പുകോട്ടയില്‍ ദേശീയ പതാക പാറിപ്പറക്കുന്നിടത്ത് മറ്റൊരു പതാകയുയര്‍ത്താന്‍ ചിലര്‍ തയാറാകുന്നത്, അതും റിപ്പബ്ലിക് ദിനത്തില്‍, ഏതു രാജ്യത്തിനാണു സഹിക്കാനാവുക. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു നേരെയുള്ള കടന്നാക്രമണമാണ്. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയുമാണ്. സമാനമായ പദ്ധതികള്‍ മുന്‍പും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. സി.എ.എ. വിരുദ്ധ സമര കാലഘട്ടത്തില്‍ ചില സര്‍വകലാശാലാ കാമ്പസുകളില്‍ അത് കണ്ടതുമാണ്. അന്നൊന്നും സര്‍ക്കാര്‍ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയിരുന്നില്ല. എന്നാലിപ്പോള്‍, ഇതാദ്യമായി, രാഹുല്‍ ഗാന്ധിയെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കേന്ദ്രമന്ത്രി തന്നെ തയാറായിരിക്കുന്നു.
ഒരു സമരത്തെയും ഏറ്റുമുട്ടലിലൂടെ തകര്‍ക്കുക എന്നത് ബി.ജെ.പിയുടെ നയമല്ല; നരേന്ദ്ര മോദി ഒരിക്കലും അതിന് ശ്രമിച്ചിട്ടുമില്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഏതൊക്കെ രീതിയിലാണ് അദ്ദേഹത്തെ അനവധി കേന്ദ്രങ്ങള്‍ വേട്ടയാടിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷവും അതൊക്കെയാണ് കണ്ടത്. പക്ഷേ ഒരിക്കല്‍ പോലും സമാധാനപരമായ സമരത്തിനെതിരേ ബലം പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടേയില്ല. കര്‍ഷക സമരത്തിലും സമാനമായ നിലപാടാണു സ്വീകരിച്ചത്. എന്നാല്‍, കലാപത്തിലേക്കും അക്രമത്തിലേക്കും കാര്യങ്ങള്‍ കടന്നിട്ടുണ്ടെങ്കില്‍ പിന്നെ നടപടിയെടുക്കേണ്ടത് ക്രമാസമാധാനപാലന ചുമതലയുള്ള ഏജന്‍സികളാണ്. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്തു.
കര്‍ഷക സമരം തുടങ്ങിയിട്ടു മാസങ്ങളേറെയായല്ലോ. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ നിയമം നടപ്പാക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനു മധ്യസ്ഥരെയും നിയമിച്ചു. 11 തവണ കേന്ദ്ര കൃഷി മന്ത്രിയും മറ്റും സമരക്കാരുമായി ചര്‍ച്ച നടത്തി. നിയമം പിന്‍വലിക്കണം എന്ന് പറഞ്ഞ അവരോട് സര്‍ക്കാര്‍ പറഞ്ഞത്, അതിലെ ഏത് വകുപ്പുകളാണ് പ്രശ്നമെന്നു ചൂണ്ടിക്കാണിക്കാനാണ്. വലിയ പ്രശ്നമുണ്ടാക്കുന്ന എന്തും തിരുത്താമെന്ന നിലപാടായിരുന്നു ഭരണകൂടത്തിന്. പക്ഷേ, അതിനൊന്നും സമരക്കാര്‍ ഒരുക്കമായിരുന്നില്ല. അടുത്ത ഒന്നര വര്‍ഷമോ രണ്ടുവര്‍ഷമോ നിയമം നടപ്പിലാക്കില്ലെന്ന ഉറപ്പും സര്‍ക്കാര്‍ നല്കി. അതും സ്വീകാര്യമായില്ല. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ കാര്യത്തില്‍ ഒരു ഭരണകൂടത്തിന്എന്താണ് ഇതിലേറെ ചെയ്യാനാവുക. പക്ഷേ, ജനുവരി 26 -ന് ഒരു കാര്യം വ്യക്തമായി. ചര്‍ച്ചകളില്‍ ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ അവരെ നിര്‍ബന്ധിച്ചത് മറ്റാരൊക്കെയോ ആണ്. ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് വളരെ മുന്‍പേ തയാാറാക്കിയിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹൃതമായാല്‍ അത് നടക്കില്ലല്ലോ. ആ ട്രാക്ടര്‍ റാലികൊണ്ടുദ്ദേശിച്ചത് എന്താണെന്നു ഡല്‍ഹി കാണുകയും ചെയ്തു.
ഉച്ചക്ക് 12 മുതല്‍ െവെകിട്ട് അഞ്ചു വരെയാണ് ട്രാക്ടര്‍ റാലിക്ക് അനുമതിയുണ്ടായിരുന്നത്. കര്‍ഷക നേതാക്കളും പോലീസും തമ്മില്‍ ചില ധാരണകളിലെത്തിയിരുന്നു. റാലിക്ക് കര്‍ഷക സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും, 5,000 ട്രാക്ടറുകളേ ഉണ്ടാകൂ, ആരും ആയുധം െകെയില്‍ കരുതില്ല തുടങ്ങിയ കാര്യങ്ങള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് റാലിക്ക് അനുമതി നല്‍കിയത്. പക്ഷേ, ധാരണകളൊക്കെ കാറ്റില്‍ പറത്തി. രാവിലെ റിപ്പബ്ലിക്ദിന പരേഡ് നടക്കുമ്പോള്‍ തന്നെ ട്രാക്ടറുകള്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ട് ഡല്‍ഹി നഗരത്തിലേക്ക് പ്രവേശിച്ചു. അതു പോലീസ് തടഞ്ഞാല്‍ വ്യാപക അതിക്രമം കാണിക്കുമെന്നായിരുന്നു ഭീഷണി.
പിന്നീടങ്ങോട് തേര്‍വാഴ്ചയായിരുന്നു. കണ്ണില്‍ കണ്ടതൊക്കെ തകര്‍ത്തു. 394 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ചിലര്‍ ഐ.സി.യുവിലാണ്. ഇത്രയൊക്കെ നടക്കുമ്പോഴും ഒരു ഏറ്റുമുട്ടലിന് പോലീസ് തയാറായില്ല. അതായിരുന്നു അവര്‍ക്കുള്ള നിര്‍ദേശമെന്നു വ്യക്തം. പോലീസ് ഏതെങ്കിലും വിധത്തില്‍ ചെറിയ പ്രകോപനം കാണിച്ചിരുന്നെങ്കില്‍ അതാവുമായിരുന്നു പ്രശ്നം. ഒരു പക്ഷേ, ഡല്‍ഹിയില്‍ മറ്റൊരു സിഖ് കൂട്ടക്കൊലയ്ക്കുപോലും സാധ്യതയുണ്ടായിരുന്നു എന്ന വിലയിരുത്തുന്നവരുണ്ട്. അഥവാ ഈ കര്‍ഷകരെ മുന്നില്‍നിര്‍ത്തിക്കൊണ്ട് ചിലര്‍ പിന്നില്‍നിന്ന് പദ്ധതിയിട്ടത് റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് രക്തച്ചൊരിച്ചിലാണ്. ആസൂത്രിതമായ പദ്ധതിയാണു നടപ്പാക്കിയത് എന്നതു സംബന്ധിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ടെന്നു കേള്‍ക്കുന്നു. വിദേശ സഹായം ലഭിച്ചതിനും നേതാക്കളുടെ ചില വിദേശ തീവ്രവാദ ബന്ധങ്ങള്‍ സംബന്ധിച്ചും സൂചനകള്‍ കാണുന്നുണ്ട്.
ആദ്യം മുതല്‍ കോണ്‍ഗ്രസ്, സി.പി.എം, എന്‍.സി.പി, സി.പി.ഐ. ഒക്കെ സമരഭൂമിയിലുണ്ടായിരുന്നല്ലോ. ശശി തരൂര്‍ സമരക്കാരുടെ നേതാവായി സ്വയം മാറുന്നതും കണ്ടു. സമരത്തിന്റെ രൂപവും ഭാവവും അക്രമവുമൊക്കെ കണ്ട് പുളകിതരായ ഒരുകൂട്ടം പ്രതിപക്ഷ രാഷ്ട്രീയക്കാരെ മറക്കുകവയ്യ. അവരില്‍ മലയാളികളുമുണ്ട്. കേരളത്തില്‍നിന്നുള്ള കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, െഹെബി ഈഡന് എന്നിവര്‍ അടക്കമുള്ളവരെപോലും അവിടെ കണ്ടിരുന്നു. രാഹുല്‍ ഗാന്ധി മുതല്‍ മറ്റെല്ലാവരും ഇക്കാര്യത്തില്‍ നടത്തിയ പ്രസ്താവനകള്‍ പ്രകോപനമുണ്ടാക്കുന്നതായിരുന്നെന്നു ബി.ജെ.പി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് രാഹുലിന് ഒഴിഞ്ഞുമാറാനാകിെല്ലന്ന സൂചനയാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ നല്‍കിയത്. സീതാറാം യെച്ചൂരിയും അതേപോലെതന്നെയാണ് പലപ്പോഴും സംസാരിച്ചിരുന്നത്. കര്‍ഷക സമരത്തിനിടയിലൂടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചത് ആരാണ്? ആരാണ് അതിന്റ ഗുണഭോക്താക്കള്‍, അവരുടെ പിന്നിലെ ശക്തികള്‍ ഏതൊക്കെ എന്നതൊക്കെ പുറത്തുവരേണ്ടതുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയെ ചോരപ്പുഴയാക്കാന്‍ ഒരു ഗൂഢസംഘം എത്തിയെന്നാണു മനസിലാക്കേണ്ടത്. അതു നടക്കാതെ പോയത് പോലീസ് കാട്ടിയ സംയമനം ഒന്നുകൊണ്ടുമാത്രം. ഇന്ത്യയുടെ യശസിനു കളങ്കമേല്ക്കാതെ സൂക്ഷിച്ചത്, ആ പോലീസ് സേനയാണ്. കലാപകാരികള്‍ ചുവപ്പുകോട്ടയില്‍ കയറി ഇന്ത്യയുടെ ദേശീയ മാനബിന്ദുക്കളെ അപമാനിച്ചു. ഇതൊക്കെ ഇന്ത്യയെ സ്നേഹിക്കുന്ന ഒരാള്‍ക്കും ചെയ്യാനാവുകയില്ലല്ലോ. ചുരുക്കത്തില്‍ ഇത് ദേശവിരുദ്ധ നീക്കമാണ്, ഇന്ത്യയെ അട്ടിമറിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാവേണ്ടതുണ്ട്.






