
ന്യൂഡല്‍ഹി: സിംഗു അതിര്‍ത്തിയില്‍ വെള്ളിയാഴ്ച നടന്ന കലാപത്തില്‍ പോലീസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് ഉള്‍പ്പെടെ 44 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്നീത് സിംഗ് എന്ന 22 കാരന് ഉള്‍പ്പെടെയുള്ള 44 പേര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നാല് ഉദ്യോഗസ്ഥര്‍ക്ക് ആണ് പരിക്കേറ്റത്. ആലിപ്പൂര്‍ സ്റ്റേഷന് ഹെഡ് ഓഫീസര്‍ പ്രദീപ് പലിവാലിനാണ് വെട്ടേറ്റത്
രാജ്നീത് സിംഗിന്റെ പക്കല്‍ നിന്നും വാള് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ പ്ലക്കാര്‍ഡുകളും കൊടിയുമായി സമരത്തിനെതിരേ 200 പേര് സംഘടിച്ചെത്തിയതിന് പിന്നാലെയാണ് കയ്യേറ്റവും കല്ലേറും ലാത്തിച്ചാര്ജ്ജുമെല്ലാം നടന്നത്. കര്‍ഷകരുടെ രണ്ടുമാസം നീണ്ട സമരം തങ്ങളുടെ ദൈനംദിന ജീവിതത്തെയും വരുമാനത്തെയും ബാധിക്കുന്നു എന്നും കര്‍ഷകസമരം പിരിച്ചു വിടണം എന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ എത്തിയത്.
നാട്ടുകാര്‍ എന്ന സ്വയം അവകാശപ്പെട്ട് കഴിഞ്ഞ ദിവസം എത്തിയ മറ്റൊരു വിഭാഗം കര്‍ഷകര്‍ക്കെതിരേ മുദ്രാവാക്യം വിളിക്കുകയും വെള്ളിയാഴ്ച തങ്ങള്‍ തിരിച്ചെത്തുമെന്ന വെല്ലുവിളിച്ചും സമരവേദിയിലേക്ക് എത്തിയിരുന്നു. പ്രദീപ് പലിവാലിന് കയ്യിലായിരുന്നു വെട്ടേറ്റത്. കൈക്കുഴയ്ക്കും മുട്ടിനും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയാണ് പോലീസ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. ബി.ജെ.പി. പ്രവര്‍ത്തകരാണു സംഘടിച്ചെത്തിയതെന്നും സമരം പൊളിക്കാനുള്ള തന്ത്രമാണെന്നും കര്‍ഷകസംഘടനകള്‍ ആരോപിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സിംഘുവില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും ഉണ്ടായത്. മറ്റൊരു സമരകേന്ദ്രമായ തിക്രിയിലും സമരക്കാര്‍ക്കെതിരേ പ്രതിഷേധമുണ്ടായി.
ഹരിയാന അതിര്‍ത്തിയായ കര്‍ണാലില്‍ ബുധനാഴ്ച സമാനസംഭവമുണ്ടായിരുന്നു. യു.പി, ഹരിയാന അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നു പ്രക്ഷോഭകരോടു ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസിപൂരില്‍ സമരമേഖലയിലേക്കുള്ള െവെദ്യുതിയും വെള്ളവും മുടക്കിയതിനു പിന്നാലെ വ്യാഴാഴ്ച രാത്രി വന്‍ പോലീസ് സംഘമെത്തിയെങ്കിലും കര്‍ഷകനേതാക്കള്‍ പ്രതിഷേധിച്ചതോടെ ഒഴിപ്പിക്കല്‍ നടപടിയിലേക്കു കടക്കാതെ മടങ്ങി.
ഇന്നലെ രാവിലെ ഗാസിപുര്‍ സന്ദര്‍ശിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദര്‍ ജയിനും സമരക്കാര്‍ക്കു കുടിവെള്ളമുള്‍പ്പെടെ ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ചു. സമരഭൂമിയിലേക്കു കുടിവെള്ളവുമായി പോകുന്ന ടാങ്കറുകള്‍ കേന്ദ്രനിയന്ത്രണത്തിലുള്ള പോലീസ് തടയുന്നതായി സത്യേന്ദര്‍ ജയിന് ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബി.കെ.യു. നേതാവ് രാകേഷ് ടിക്കായത്തിനു ട്വീറ്റ് ചെയ്തതും വഴിത്തിരിവായി.






