ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമമിത് ഷായും സ്മൃതി ഇറാനിയും. പത്തു വര്‍ഷമായി സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് മമതയ്ക്ക് ബംഗാള്‍ ജനത മാപ്പ് നല്‍കില്ലെന്ന് അമിത് ഷാ പറഞ്ഞു. ഹൗരയില് ബിജെപി സംഘടിപ്പിച്ച റാലിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.
'ബംഗാളില്‍ നിലവിലെ അവസ്ഥ മുന്‍പ് ഇടതുപാര്‍ട്ടികള്‍ ഭരിച്ചതിനേക്കാള്‍ കഷ്ടമാണ്. സംസ്ഥാനത്തെ ജനങ്ങളോട് മമത അനീതി കാണിച്ചു. മാറ്റമുണ്ടാക്കുമെന്നാണ് മമത ഉറപ്പ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കൂ. അതീവ പ്രാധാന്യം നല്‍കേണ്ട ഘടകങ്ങള്‍ ചരിത്രത്തില്‍ നിന്ന് മറഞ്ഞുപോയി. ഇതിന് ബംഗാള്‍ ഒരിക്കലും മമതയോട് ക്ഷമിക്കില്ല. തൃണമൂലിലെ നിരവധി നേതാക്കളാണ് ബിജെപിയില്‍ എത്തുന്നത്. ഇങ്ങനെ പോയാല്‍ മമത പാര്‍ട്ടിയില്‍ ഒറ്റക്കാവും' അമിത് ഷാ പറഞ്ഞു.
മോദി ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മമത ബന്ധുക്കളെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷാ പറഞ്ഞു. അതേസമയം ജയ് ശ്രീറാമിനെ അപമാനിക്കുന്ന മമതയുടെ പാര്‍ട്ടിക്ക് ഒരിക്കലും സ്വന്തം പാര്‍ട്ടി അംഗങ്ങളെ നിലനിര്‍ത്താനാവില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. 'ജയ് ശ്രീറാം മുദ്രവാക്യത്തെ നിങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു. രാമരാജ്യം ബംഗാളിന്റെ വാതിക്കലെത്തിയിരിക്കുന്നു' സ്മൃതി ഇറാനി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നിരവധി നേതാക്കളാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയിരിക്കുന്നത്. ഭറമം പിടിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പ്രചടരണ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ദേശീയ നേതാക്കളെല്ലാം തിരഞ്ഞെടുപ്പിനു മുന്‍പായി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായി എത്തും.






