
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിയും കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്. കോവിഡ് വാക്സിനേഷന് ഊന്നല്‍ നല്കി നികുതി കാര്യത്തില്‍ കാര്യമായ മാറ്റമൊന്നുമില്ലാത്തതുമാണ് ബജറ്റ്. പലിശയേയും പെന്‍ഷനേയും ആശ്രയിക്കുന്ന 75 വയസ്സിന് മുകളിലുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട എന്നതുള്‍പ്പെടെ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്.
ദേശീയപാതാ വികസനവും കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനവും ഉള്‍പ്പെടെ കേരളത്തിനും നേട്ടമാണ്. ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളില്‍ പെന്ഷന്, പലിശ വരുമാനം എന്നിവ മാത്രമുള്ളവര്ക്ക ഇളവ് നല്‍കിയിട്ടുണ്ട് ആദായ നികുതി തര്‍ക്ക പരിഹാരത്തിനായി പ്രത്യേക സമിതി രൂപീകരിക്കും. നികുതി പുന: പരിശോധനയ്ക്കുള്ള സമയം ആറ് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമാക്കി.
കര്‍ഷകസമരത്തില്‍ പ്രധാനമായി ഉന്നയിക്കപ്പെട്ടിരിക്കുന്ന വാദമായ താങ്ങുവില സംബന്ധിച്ച പരാമര്‍ശങ്ങള്‍ ബജറ്റില്‍ ഉണ്ടായിരുന്നെങ്കിലും കാര്‍ഷിക നിയമങ്ങള്‍ മാറ്റാന്‍ പോകുന്നില്ലെന്ന സൂചനയാണ് ബജറ്റില്‍ നിന്നും ഉണ്ടായത്.
ഗോതമ്പ് സംഭരണത്തിന് 75,060 കോടിയുടെ പദ്ധതിയും ബാങ്കുകള്‍ക്ക് 20,000 കോടി സഹായവും പ്രഖ്യാപിച്ചു. 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇത് ഗുണകരമാകും. നെല്‍ കര്‍ഷകര്‍ക്കായുള്ള വകയിരുത്തല്‍ 1.72 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തല്‍ 16.5 ലക്ഷം കോടി രൂപയാക്കി. വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയായി 2021 ല്‍ 1.72 ലക്ഷം കോടി ചെലഴിക്കും. സംഭരണത്തിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടുമെന്നും പറഞ്ഞു. കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടി വകയിരുത്തി.
കോവിഡ് വാക്സിന് വികസിപ്പിച്ചത് രാജ്യത്തിന്റെ നേട്ടമായി വിലയിരുത്തിയ ധനമന്ത്രി ശാസ്ത്രജ്ഞര്‍ക്ക് നന്ദി പറഞ്ഞു. കോവിഡ് വാക്സിന് നിര്‍മ്മാണത്തിനായി 35,000 കോടി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയ്ക്ക് 64,180 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു. ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും ആരോഗ്യ ക്ഷേമ മേഖലകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും പറഞ്ഞു.
കേരളത്തിനും ബംഗാളിനും ആസാമിനും തമിഴ്നാടിനും ദേശീയപാത വികസനം ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനമാണ് നടത്തിയത്. കേരളത്തില്‍ ദേശീയപാതാ വികസനത്തിന് 65,000 കോടി രുപയാണ് പ്രഖ്യാപനത്തിലുള്ളത്. മുംബൈ- കന്യാകുമാരി വാണിജ്യ ഇടനാഴി അടക്കമാണ് തുക. ഇതിന് പുറമേയാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടി കൂടി അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ തുറമുഖ വികസനങ്ങളില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ മത്സ്യബന്ധന തുറമുഖത്തെ വാണിജ്യതുറമുഖമായി വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളില്‍ 675 കി.മീ. റോഡ് വികസനത്തിന് 95,000 കോടി രൂപയും അസമില്‍ 1300 കി.മീ. റോഡ് നിര്‍മ്മാണത്തിന് 34,000 കോടിയും പ്രഖ്യാപിച്ചു. അസമിലെയും ബംഗാളിലെയും തേയില തൊഴിലാളികള്‍ക്കായി 1000 കോടി രൂപയും പ്രഖ്യാപിച്ചു. അസമിലെയും ബംഗാളിലെയും വനിതാ ശിശു ക്ഷേമത്തിന് പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ 1.03 ലക്ഷം കോടിയാണ് ദേശീയപാതാവികസനത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. 3500 കി.മീ. ദേശീയപാതാ നിര്‍മ്മാണത്തിനാണ് തമിഴ്നാടിന് തുക പ്രഖ്യാപിച്ചത്. ചെന്നൈ മെട്രോയ്ക്കും ബജറ്റില്‍ പരാമര്‍ശം ഉണ്ടായിരുന്നു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും സൈനിക സ്കൂളുകള്‍ രാജ്യത്ത് സ്ഥാപിക്കുക. 750 പുതിയ മോഡല്‍ സ്കൂളുകള്‍ സ്ഥാപിക്കുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 15,000 സ്്കൂളുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ പദ്ധതികള്‍. ലഡാക്കിലെ ലെയില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുമെന്നും പറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രൊത്സാഹിപ്പിക്കാന്‍ 1500 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ഇലക്ട്രോണിക് വിപണിയിലേക്ക് രാജ്യത്തെ 1,000 മണ്ഡികളെ(കാര്ഷികോല്പന്ന വിപണന കേന്ദ്രങ്ങള്‍) ഉള്‍പ്പെടുത്തുമെന്നും പറഞ്ഞു. എംഎസ്എംഇ വഹിതം ഇരട്ടിയാക്കി. സ്റ്റാര്ട്ടപ്പുകള്ക്ക്് നികുതി ഒഴിവാക്കിയത് ഒരു വര്‍ഷത്തേക്ക് കൂടി തുടരും. ബിപിസില്‍, എയര്‍ഇന്ത്യ, ഷിപ്പിംഗ് കോര്പ്പറേഷന്, കണ്ടെയ്നര്‍ കോര്പ്പറേഷന് തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ 2021-22 സാമ്പത്തീക വര്‍ഷം പൂര്‍ത്തിയാക്കും.
വാഹനങ്ങളുടെ കാര്യത്തില്‍ പുതിയ നയവും ബജറ്റില്‍ പ്രഖ്യാപിച്ചു. 20 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളും 15 വര്‍ഷം കഴിഞ്ഞ കൊമേഴ്സ്യല്‍ വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം. ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിച്ചു കളയും.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമാക്കി ഉയര്‍ത്തി. എല്‍ഐസി ഓഹരി വിറ്റഴിക്കല്‍ അടുത്ത സാമ്പത്തീകവര്‍ഷം പൂര്‍ത്തിയാക്കും.തന്ത്രപ്രധാനമല്ലാത്ത എല്ല കമ്പനികളും സ്വകാര്യവല്‍ക്കരിക്കും.
കിട്ടാക്കടം അടക്കം പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് 20,000 കോടിയും പ്രഖ്യാപിച്ചു. സോളാര്‍ എനര്‍ജി കോര്പ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം. ജമ്മു കശ്മീരിന് വാതക പൈപ്പ് ലൈന്‍ പദ്ധതില്‍, നൂറ് ജില്ലകളില്‍ കൂടി പാചക വാതക വിതരണമ പദ്ധതിയും പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം കോവിഡ് മൂലം തടസ്സപ്പെട്ടുപോയ സെന്‍സസ് നപടികള്‍ ഇത്തവണ ഡിജിറ്റലായി നടക്കും. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിനായി 3758 കോടി അനുവദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും വെല്ലുവിളികളും എടുത്തു പറഞ്ഞായിരുന്നു ബജറ്റവതരണം തുടങ്ങിയത്. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നും പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചെന്നും പറഞ്ഞു. ഗരീബ് യോജന പോലെയുള്ള പദ്ധതികള്‍ ഗുണകരമായി. ലോക്ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്താനായെന്നും പറഞ്ഞു.
കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷം ആര്‍ത്തുവിളിച്ചു. ടാഗോറിന്റെയും തിരുവള്ളുവരുടെയും കവിതാശകലങ്ങളും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പരാമര്‍ശ വിധേയമാക്കി. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ പേപ്പര്‍രഹിത ബജറ്റ് അവതരണം എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ടായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഈ രീതിയില്‍ ബജറ്റ് അവതരിപ്പിച്ചത്.






