
ന്യൂഡല്‍ഹി: പുതിയ ബജറ്റ് അവതരിപ്പിച്ചതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇതോടെ പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാല്‍ ഈ വില വര്‍ദ്ധനവ് വിപണിയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തില്ല. ഇവയുടെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിച്ച തുകയ്ക്ക് ആനുപാതികമായി കുറച്ചതിനാല്‍ പൊതുജനങ്ങള്‍ക്ക് വില വര്‍ദ്ധന അനുഭവപ്പെടില്ല. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സെസ് കര്‍ഷകക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സ്വര്‍ണം, വെള്ളി കട്ടികള്‍ക്ക് 2.5 ശതമാനം, മദ്യത്തിന് 100 ശതമാനം, ക്രൂഡ് പാം ഓയില്‍- 17.5 ശതമാനം, 20 ശതമാനം, സോയാബീന്‍, സൂര്യകാന്തി എണ്ണ-20 ശതമാനം, ആപ്പിള്‍-35 ശതമാനം, കല്‍ക്കരി, ലിഗ്നൈറ്റ്-1.5 ശതമാനം, യൂറിയ അടക്കമുള്ള നിര്‍ദ്ദിഷ്ട വളം-5 ശതമാനം, പയര്‍-40 ശതമാനം, കാബൂളി കടല-30 ശതമാനം, ബംഗാള്‍ കടല-50%, പരിപ്പ്-20 ശതമാനം, പരുത്തി-5 ശതമാനം എന്നിങ്ങനെയാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെസ് വര്‍ദ്ധിപ്പിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചിരിക്കുന്നതിനാല്‍ സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.






