ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷ പ്രതിഷേധം ടീം യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ചര്‍ച്ചയില്‍ എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചെന്നും കോലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഓണ്‍ലൈനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
എന്നാല്‍ ചര്‍ച്ച സംബന്ധിച്ച വിശദാംസങ്ങള്‍ പങ്കുവക്കാന്‍ താരം തയ്യറായില്ല. 'രാജ്യത്ത് നിലവിലുള്ള ഏത് പ്രശ്നത്തെ കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ട്. എല്ലാവരും ഈ വിഷയത്തെ കുറിച്ച് അവര്‍ക്ക് പറയാനുള്ളത് പറഞ്ഞു. ടീം മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച് ഞങ്ങള്‍ ഹ്രസ്വമായ ചര്‍ച്ചയാണ് നടത്തിയത്. തുടര്‍ന്ന് ടീമിന്റെ പദ്ധതികള്‍ ആലോചിച്ചു' കോലി പറഞ്ഞു.
കര്‍ഷക പ്രതിഷേധത്തിന് അന്തരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനെ പ്രതിരോധിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹാഷ്ടാഗ് കാമ്പയിനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും പങ്കാളിയായിരുന്നു. 'അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മുക്കെല്ലാവര്‍ക്കും ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനും എല്ലാ പാര്‍ട്ടികള്‍ക്കും ഇടയില്‍ ഒരു സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് തനിക്ക് ഉറപ്പുണ്ട്' എന്ന് കോലി ട്വിറ്ററില്‍ കുറിച്ചിരുന്നു.






