
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. സത്യം പറയുന്നവരെയെല്ലാം ദേശവിരുദ്ധരായും രാജ്യദ്രോഹികളായും ബി.ജെ.പി. സര്‍ക്കാര്‍ മുദ്രകുത്തുന്നു. അവകാശത്തിനുവേണ്ടി പോരാട്ടം നടത്തുന്ന കര്‍ഷകരെ ദേശവിരുദ്ധരായും ഖലിസ്ഥാനികളായും മുദ്രകുത്തുന്നു. രാജ്യസഭയില്‍ സംസാരിക്കുന്നതചിനിടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എല്ലാ വ്യവസ്ഥകളും രാജ്യദ്രോഹക്കുറ്റങ്ങള്‍ ചേര്‍ത്ത് മോദി സര്‍ക്കാര്‍ പരിഷ്കരിച്ചുവെന്നാണ് തോന്നുന്നത്. ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാം എന്ന സ്ഥിതിയാണ്. ഗാര്‍ഹിക പീഡന കേസുകളില്‍പ്പോലും ബി.ജെ.പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തും. കഴിഞ്ഞ ആറ് വര്‍ഷമായി നാം സത്യം എന്താണെന്ന് മനസിലാക്കുകയാണ്. അസത്യം സത്യമായി മാറുന്നു. സത്യം എഴുതുന്നവരെയെല്ലാം രാജ്യദ്രോഹികളായും ദേശവിരുദ്ധരായും ചിത്രീകരിക്കുന്ന തരത്തിലുള്ള അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
സര്‍ക്കാരിനോട് ചോദ്യം ചോദിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. എം.പി. മാരായ ശശി തരൂര്‍, സഞ്ജയ് സിങ് എന്നിവരും മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നീ വിഭാഗങ്ങളും രാജ്യദ്രോഹികളായ് മാറുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനിടയില്‍ അര്‍ണബ് ഗോസ്താമിയേയും കങ്കണ റണാവത്തിനേയും അദ്ദേഹം വിമര്‍ശിച്ചു.
ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് രഹസ്യ വിവരങ്ങള്‍ പുറത്തുവിടുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. അര്‍ണബ് ഗോസ്വാമിയുടെയും ബാര്‍ക്ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ്ഗുപ്തയ്ക്കും എന്തു ശിക്ഷയാണ് സര്‍ക്കാര്‍ വിധിച്ചത്. അര്‍ണബ് ഗോസ്വാമിയേയും കങ്കണ റണാവത്തിനെയും പോലെയുള്ളവരെ ദേശസ്നേഹികളായാണ് മോദി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷകര്‍ക്കെതിരേ 200-ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നൂറോളം യുവാക്കളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യപ്രതി ദീപ് സിദ്ദുവിനെ ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
ബി.ജെ.പി.യുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം ഇടഞ്ഞു നില്‍ക്കുകയാണ് ശിവസേന. മന്ത്രിസഭ രൂപകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റയ്ക്ക് സഭ രൂപീകരിക്കാനൊരുങ്ങിയ ബി.ജെ.പി.യെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളേയും കൂട്ടുപിടിച്ച് ശിവസേന മഹാ വികാസ് അഘാടി സംഖ്യത്തിന് രൂപം നല്കി. അധികാരത്തിലേറിയശേഷം നിരവധി തവണ ശിവസേനയും ബി.ജെ.പി.യും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. കങ്കണയുമായി ബന്ധപ്പെട്ട കേസിലും അര്‍ണബിനെ അറസ്റ്റു ചെയ്തപ്പോഴും കേന്ദ്രം ശിവസേനക്കെതിരെ രംഗത്തെത്തിയിരുന്നു.






