
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ ബി.ജെ.പി. നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രക്ക് അനുമതി നിഷേധിച്ച് സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാള്‍ ബി.ജെ.പി. ഘടകം പ്രതികരിച്ചു. പൊതു സമ്മേളനത്തിനുള്ള അനുമതി മാത്രമാണ് നല്‍കിയതെന്നും രഥ യാത്ര അനുവദിക്കാനാവില്ലെന്നും നാദിയ ജില്ലാ ഭരണകൂടം വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കാളാഴ്ചയാണ് ബി.ജെ.പി. ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായാണ് രഥയാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 294 മണ്ഡലങ്ങളിലായി അഞ്ച് രഥയാത്രകളാണ് സംഘടിപ്പിക്കുന്നത്. 20 മുതല്‍ 25 ദിവസം വരെ നീണ്ടുനില്‍ക്കുന്ന എല്ലാ യാത്രകളും ഒരേസമയം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കിയാണ് ജില്ലാ ഭരണകൂടത്ത്ന് കത്തു സമര്‍പ്പിച്ചത്.
രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്യാന്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ബംഗാളിലെത്തിയിരുന്നു. അതേസമയം, രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനസമര്‍ഥന്‍ യാത്രക്ക് തുടക്കമായി. രഥയാത്ര നിശ്ചയിച്ചിരിക്കുന്ന അതേ പാതയിലാണ് ജനസമര്‍ഥന്‍ യാത്രയും കടന്നുപോകുന്നത്. ബി.ജെ.പി.ക്ക് യാത്ര നിഷേധിക്കപ്പെട്ട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ രഥയാത്രക്ക് അനുമതി നല്‍കരുതെന്ന പൊതു താല്പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
2019-ല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. സമാനമായി യാത്രക്ക് പദ്ധതിയിട്ടിരുന്നു. എന്നാല്‍ അന്നും മമത സര്‍ക്കാര്‍ ഇടപെട്ട് പദ്ധതി മുടക്കി. എന്നാല്‍ അന്ന് സുപ്രീംകോടിതിയെ സമീപിച്ചപ്പോള്‍ മമത സര്‍ക്കാരിന് അനുകൂലമായ വിധിയാണുണ്ടായത്. രഥയാത്ര നടത്താനുള്ള ബി.ജെ.പി.യുടെ പദ്ധതി പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ ഹിന്ദുവികാരമുണര്‍ത്തി മമതയുടെ നീക്കത്തെ പ്രതിരോധിക്കാനാണ് ബി.ജെ.പി.യുടെ ശ്രമം.






