
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് നടത്താൻ ഖത്തർ എയർവേസും റിപ്പോർട്ട് സമർപ്പിച്ചു. ആഗസ്റ്റ് ഏഴിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവള അധികൃതർക്ക് നൽകിയ റിപ്പോർട്ട് അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി. ഖത്തറിന് കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നെങ്കിലും സർവിസ് നടത്തിയിരുന്നില്ല.
സൗദി എയർലൈൻസ് നൽകിയ റിപ്പോർട്ടും അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിച്ചിട്ടുണ്ട്. ഇനി എയർഇന്ത്യയും എമിറേറ്റ്സുമാണ് റിപ്പോർട്ടുകൾ അതോറിറ്റിക്ക് സമർപ്പിക്കാനുള്ളത്.






