
ചെന്നൈ: തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കാന്‍ വിവാദ നായിക ശശികല തമിഴ്നാട്ടിലേക്ക്. അനധികൃത സ്വത്തു കേസില്‍ തടവുശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതനായ ശശികല ബംഗലുരുവില്‍ നിന്നും തമിഴ്നാട്ടിലേക്ക് തിരിച്ചു. അണ്ണാഡിഎംകെയുടെ കൊടി വെച്ച വാഹനത്തിലാണ് ബംഗലുരു റിസോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചത്. ശശികലയെ അനുഗമിച്ച നേതാക്കളുടെ വാഹനങ്ങളുമുണ്ട്. 32 ഇടങ്ങളില്‍ സ്വീകരണം നല്‍കുമെന്നാണ് വിവരം.
നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം നാട്ടിലേക്ക് എത്തുന്ന ശശികലയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് അണ്ണാഡിഎംകെ. വാഹനത്തെ 100 ലധികം വാഹനങ്ങള്‍ അനുഗമിക്കുന്നുണ്ടെന്നാണ് വിവരം. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ യുടെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലും ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. 1,500 പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ദേവന ഹള്ളിയിലെ റിസോര്‍ട്ടില്‍ നിന്നും രാവിലെ എട്ടുമണിയോടെ യാത്ര തിരിച്ചു.
വഴിയരികില്‍ വലിയ ബാനറുകളും കട്ടൗട്ടുകളുമെല്ലാം പാര്‍ട്ടി വെച്ചിട്ടുണ്ട്. ആദ്യ സ്വീകരണം തമിഴ്നാട് - കര്‍ണാടകാ അതിര്‍ത്തിയിലാണ്. ടി. നഗറിലുള്ള എം.ജി. ആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ശശികല പ്രവര്‍ത്തകരെ കാണും. ശശികലയുടെ തമിഴ്നാട്ടിലേക്കുള്ള വരവ് തമിഴ്രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തേ ശശികലയെ പനീര്‍ശെല്‍വവും പളനിസ്വാമിയും അണ്ണാ ഡിഎംകെയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ക്ഷണം അവര്‍ നിരസിച്ചിരുന്നു.
ശശികലയുടെ നൂറ് കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുക്കള്‍ സര്‍ക്കാര്‍ ഇന്നലെ കണ്ടുകെട്ടി. ബിനാമി ആക്ട് പ്രകാരം ഇളവരശിയുടേയും സുധാകരന്റെയും പേരിലുള്ള ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തമിഴ്നാട് അതിര്‍ത്തിയായ ഹൊസൂറിലേക്കാണ് ശശികല ആദ്യമെത്തുന്നത്. 5000 പ്രവര്‍ത്തകര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.






