
കോട്ടയം: ഓണ്‍ലൈന്‍ ഗെയിമില്‍ തോക്കും പ്രതിരോധ പടച്ചട്ടയും വാങ്ങാന്‍ ജില്ലയിലെ ഒരു വിദ്യാര്‍ഥി പിതാവിന്റെ അക്കൗണ്ടില്‍ നിന്നു വകമാറ്റിയത് ഒരു ലക്ഷത്തോളം രൂപ!, ഒറ്റ രാത്രി കൊണ്ട് അരക്ഷം രൂപ വരെ കളഞ്ഞ വിദ്യാര്‍ഥികളുമുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ്, വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണ്‍ മുഴുവന്‍ സമയം ഉപയോഗിക്കാനുള്ള ലൈസന്‍സായി മാറിയതോടെയാണു ഇത്തരം പ്രശ്നങ്ങള്‍ ഏറുന്നതെന്നു സൈബര്‍ പോലീസ് പറയുന്നു. കോവിഡ് ലോക്ക്ഡൗണിനു ശേഷമാണ് ഇത്തരം പ്രവണതകള്‍ ഏറിയതെന്നു പോലീസ് പറയുന്നു. ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍ വഴി ഇത്തരത്തില്‍ ലക്ഷങ്ങളാണ് കുട്ടികള്‍ ചോര്‍ത്തുന്നത്. ജില്ലയില്‍ത്തന്നെ ഇതോടകം നൂറിലേറെ കേസുകളാണ് ഓപ്പറേഷന് ഗുരുകുലം വഴി പോലീസിനു മുന്നില്‍ എത്തിയിട്ടുണ്ട്.
വീട്ടില്‍ അറിയാതെയാണെങ്കിലും കുട്ടികള്‍ ഗെയിമിങ്ങ് കമ്പനികള്‍ക്കു പണം നിയമവിധേയമായാണു കൈമാറുന്നതെന്നതിനാല്‍ കേസെടുക്കാനോ നടപടിയെടുക്കാനോ കഴിയാതെ പോലീസും വെട്ടിലാകും.
ലോക്ക്ഡൗണിനു മുമ്പു വരെ മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതിനു രക്ഷിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ രക്ഷിതാക്കളുടെ നിയന്ത്രണം അയഞ്ഞു.
ഇതോടെ കുട്ടികള്‍, മൊബൈല്‍ ഫോണ്‍ ഗെയിമുകളിലേക്ക് കൂടുതലായി തിരിഞ്ഞു. ആദ്യം സൗജന്യമായാണു കളിക്കാന്‍ അനുവദിക്കുന്ന രീതിയിലാണു പല ഗെയിമുകളും സെറ്റ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചായി കളിച്ചു കുട്ടികള്‍ ഗെയിമുകളില്‍ ആകൃഷ്ടരാകുന്ന ഘട്ടങ്ങളില്‍ കമ്പനികള്‍ പണം ഈടാക്കി തുടങ്ങും.
അടുത്ത ഘട്ടം കളിക്കണമെങ്കില്‍ പണം ഓണ്‍ലൈനായി അടയ്ക്കണമെന്നാകും നിബന്ധന. ഇതോടെ, മാതാപിതാക്കളുടെ ഓണ്‍ലൈന്‍ വാലറ്റുകളില്‍ നിന്നു പണം അയയ്ക്കും. യുദ്ധം പോലുള്ള ഗെയിമുകളാണ് ഏറെയും. ഇത്തരത്തിലുള്ളവ കളിക്കുമ്പോള്‍ പടയാളിക്കു ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാന്‍ വേണ്ടിയാണു പണം ആവശ്യമായി വരിക. 250 രൂപ മുതല്‍ കാല്‍ലക്ഷം രൂപ വരെ ആയുധങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരും.
ഒരു തവണ പണം പിന്‍വലിച്ച് മാതാപിതാക്കള്‍ ചോദിക്കുന്നില്ലെന്നു കണ്ടാല്‍, വീണ്ടും വീണ്ടും പണം പിന്‍വലിച്ച് ഗെയിമില്‍ കുട്ടികള്‍ മുഴുകുന്ന പ്രവണതയാണു കണ്ടുവരുന്നതെന്നു പോലീസ് പറയുന്നു.
ഊണുമില്ല, ഉറക്കവും; കൂട്ടിനു മൊെബെല്‍ മാത്രം
ഓണ്‍ലൈന്‍ ഗെയിമില്‍ അടിമകളായാല്‍ പിന്നെ, ഭക്ഷണവും വേണ്ട, കൂട്ടുകാരും വേണ്ട. പോലീസിന്റെയും കൗണ്‍സിലിങ് സെന്ററുകളിലുമെത്തുന്ന മാതാപിതാക്കളുടെ പരാതികള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഭൂരിഭാഗവും ആണ്‍കുട്ടികളാണ് ഇത്തരം മൊെബെല്‍ ഗെയിമുകള്‍ക്ക് അടിമയാകുന്നതെന്നു പോലീസ് പറയുന്നു. മുമ്പ് സ്കൂളില്‍ പോകാനായി പുലര്‍ച്ചെ എഴുന്നേറ്റ് ഒരുക്കം തുടങ്ങിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മാതാപിതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറില്ല. മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് പുതപ്പിനടിയില്‍ മൊെബെല്‍ ഫോണ്‍ പിടിച്ച് പുലര്‍ച്ചെ വരെ ഗെയിം കളിക്കുന്നതു പതിവാക്കിയ നിരവധി കുട്ടികളുണ്ടത്രേ. എത്ര രുചിയുള്ള ഭക്ഷണം ഉണ്ടാക്കി നല്കിയാലും കഴിക്കാതെ മൊെബെലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഇവര്‍ വീടിനു പുറത്തേക്കിറങ്ങുന്നതും അപൂര്‍വമായിരിക്കും.
മാതാപിതാക്കള്‍ ജോലിക്കു പോയാല്‍ ഇവര്‍ക്കു സൗകര്യമായി ഗെയിം കളിക്കാം. ലോക്ക്ഡൗണിനു മുമ്പു വരെ ടി.വി. കാണാന്‍ വഴക്കുണ്ടാക്കിയിരുന്ന ഇത്തരക്കാരില്‍ പലരും ഇപ്പോള്‍ ടി.വി. വീട്ടിലുണ്ടോയെന്നു പോലും അന്വേഷിക്കാറില്ലത്രേ.





