
ന്യുഡല്‍ഹി: ഒരു ഹിന്ദുസ്ഥാനി മുസ്ലീം ആയി ജീവിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. പാകിസ്താനിലേക്ക് പോകാതെ ഈ രാജ്യത്ത് നിലയുറച്ച ജനങ്ങളെ പോലെ ഭാഗ്യവാനാണ് താനും. സ്വര്‍ഗം ഇന്ത്യയിലാണ് എന്നു തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമാണ് താന്‍ ജനിച്ചത്. പാകിസ്താനിലേക്ക് ഒരിക്കലും പോകേണ്ടിവരാത്ത സൗഭാഗ്യവാന്മാരില് ഒരാളാണ് താനും. ഒരു ഹിന്ദുസ്ഥാനി മുസ്ലീം ആയതിലും താന്‍ അഭിമാനിക്കുന്നു. രാജ്യസഭയില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ഗുലാം നബി പറഞ്ഞു.
താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കേ ഭീകരാക്രമണമുണ്ടായപ്പോള്‍ ശക്തമായി പ്രാര്‍ത്ഥിച്ചു. തീവ്രവാദവും ഭീകരവാദവും ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കണമെന്നായിരുന്നു തന്റെ പ്രാര്‍ത്ഥന.
ലോകരാജ്യങ്ങളില്‍ മുസ്ലീം സമൂഹം ഉള്പോരാട്ടത്തിലാണ്. എന്നാല്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഒത്തൊരുമയിലാണ് കഴിയുന്നത്. പാര്‍ലമെന്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞൂ. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തി. അടല്‍ ബിഹാറി വാജ്പേയിയോട് ഇന്ദിര ഗാന്ധി ഇടപെട്ടിരുന്നത് തനിക്ക് മറക്കാന്‍ കഴിയില്ല. ഒരു ബി.ജെ.പി നേതാവായി കണ്ടല്ല ഇന്ദിര ഗാന്ധി പെരുമാറിയത്. തനിക്ക് ഏറെ പ്രമചാദനം നല്കിയ നേതാവായിരുന്നു അടല്‍ എന്നും ആസാദ് ഓര്‍മ്മിച്ചു.
എങ്ങനെയായിരിക്കണം ഒരു പ്രതിപക്ഷ നേതാവ് എന്ന് എ.ബി വാജ്പേയില്‍ നിന്നാണ് താന്‍ പഠിച്ചത്. അദ്ദേഹം ആ ജോലി അനായാസം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവായിരിക്കേ വിദ്യാഭ്യാസപരവും നയപരവുമായ കാര്യങ്ങളില്‍ ഇടപെടാന്‍ താന്‍ ശ്രമിച്ചിരുന്നു. ഓരോ വിഷയത്തിലും സഹപ്രവര്‍ത്തകരോടു ദിവസങ്ങളോളം താന്‍ സംവദിച്ചിരുന്നു. നിയമങ്ങള്‍ എല്ലാക്കാലത്തും ഒരുപോലെയായിരിക്കരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.- ആസാദ് കൂട്ടിച്ചേര്‍ത്തു.
2014 ജൂണ്‍ 8ന് രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുലാം നബി ആസാദ് ആറു വര്‍ഷത്തിനു ശേഷം ഈ മാസം 15നാണ് വിരമിക്കുന്നത്. രാജ്യസഭയില്‍ നിന്ന് ആസാദ് അടക്കം നാലു പേരാണ് ഈ ടേമില്‍ വിരമിക്കുന്നത്. ഇവര്‍ക്കായി നല്കിയ വിരമിക്കല്‍ ചടങ്ങില്‍ ഗുലാം നബിയുമായുള്ള ബന്ധം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ വീകാരാധീനനായിരുന്നു.






