ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തികള്‍ 2018 മാര്‍ച്ചിലെ 8.96 ലക്ഷം കോടിയില്‍ നിന്ന് 2020 സെപ്റ്റംബറില്‍ 6.09 ലക്ഷം കോടയായി കുറഞ്ഞെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍. കിട്ടാക്കടം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളെത്തുടര്‍ന്നാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.
2018 മാര്‍ച്ചിനും 2020 സെപ്റ്റംബറിനും ഇടയില്‍ 2.54 ലക്ഷം കോടി വീണ്ടെടുത്തു. 12 പൊതുമേഖല ബാങ്കുകളില്‍ 11 എണ്ണവും ചേര്‍ന്ന് 2020-21 ന്റെ ആദ്യ പകുതിയില്‍ 14,688 കോടി ലാഭം രേഖപ്പെടുത്തിയതായും രാജ്യസഭയില്‍ രേഖമൂലം നല്കിയ മറുപടിയില്‍ പറയുന്നു. പൊതുമേഖല ബാങ്കുകളുടെ പ്രൊവിഷന്‍ കവറേജ് അനുപാതം 2020 സെപ്റ്റംബര്‍ അവസാനത്തോടെ 85.06 ശതമാനാമായി ഉയര്‍ന്നു.
ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെടുത്താന്‍ 2015 ല്‍ ആരംഭിച്ച അസറ്റ് ക്വാളിറ്റി റിവ്യൂ ഉയര്‍ന്ന എന്‍പിഎകളെ തിരിച്ചറിയാന്‍ സഹായിച്ചു. 2020-21 കാലയളവില്‍ പൊതുമേഖല ബാങ്കുകളുടെ ഇക്വിറ്റി, ബോണ്ടുകള്‍ എന്നിവയുടെ രൂപത്തില്‍ 50,982 കോടി സമാഹരിച്ചതായും അനുരാഗ് താക്കൂര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലകളുടെ പുനര്‍ മൂലധനത്തിനായി 20,000 കോടി വിഹിതം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






