
തൃശൂര്‍: ശബരിമല വിഷയത്തില്‍ യു.ഡിഎഫ്. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന എന്‍.എസ്.എസ്. വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ യു.ഡി.എഫ്. ഇടപെടുന്നത് ആത്മാര്ത്ഥതയില്ലാതെയാണെന്ന നിലപാട് ശരിയല്ലെന്നും എന്‍.എസ.എസിനുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ യു.ഡി.എഫ്. ഒന്നും ചെയ്തില്ലെന്ന നിലപാട് ശരിയല്ല. പാര്‍ലമെന്റിലും നിയമസഭയിലും ഞങ്ങള്‍ ബില്ലിനെതിരെ രെഗത്തുവന്നിരുന്നു. നിയമസഭയില്‍ എം. വിന്‍സന്റ് അനൗദ്യോദിക ബില്‍ നല്‍കിയിരുന്നു. എന്നാല്‍ ബില്‍ അവതരിപ്പിക്കുന്നതിന് നിയമപരമായ പ്രാബല്യം ലഭിക്കില്ലെന്നും നിയംവ വകുപ്പിന്റെ അംഗീകാരമിവ്വെന്നും പറഞ്ഞ് സ്പീക്കര്‍ ഇത് നിരസിക്കുകയാണുണ്ടായത്. എന്റെ അനുമതിയോടെയാണ് വിന്‍സെന്റ് ബില്ല് അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ എന്‍.കെ. പ്രേമചന്ദ്രന് സ്വകാര്യ ബില്‍ അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ഉണ്ടായത്. അതിനാല്‍ പ്രതിപക്ഷം ഒന്നും ചെയ്തില്ല എന്നു പറയുന്ന നിലപാട് ശരിയല്ലെന്നും ചെന്നിത്തല പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് മുന്നണികള്‍ ശബരിമല വീണ്ടും ചര്‍ച്ചാ വിഷയമാക്കുന്നതെന്നായിരുന്നു എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ആരോപണം. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കെ വിശ്വാസികളെ സ്വാധീനിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും എന്‍.എസ്.എസ്. വിമര്‍ശിച്ചരുന്നു. അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടപ്പാക്കുമെന്ന യു.ഡി.എഫ്. നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്നും കേന്ദ്ര ഭരണമുള്ള ബി.ജെ.പി.ക്ക് ഈ പ്രശ്നെ പരിഹരിക്കാമായിരുന്നു. ഇപ്പോള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുന്നണികളെന്നും എന്‍.എസ്.എസ്. വ്യക്തമാക്കിയിയുന്നു.
എന്‍.എസ്.എസ്. പത്രക്കുറിപ്പ്:
കേന്ദ്രഭരണം കയ്യിലിരിക്കെ, ബി.ജെ.പി.ക്ക് ഒരു നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമായിരുന്നില്ലേ. പ്രതിപക്ഷത്തിരിക്കുമ്പോള്‍തന്നെ വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി യു.ഡി.എഫിന് നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിക്കാമായിരുന്നു. അതിനു പകരം, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്കനുകൂലമായ നിയമനിര്‍മ്മാണം നടത്തുമെന്നുള്ള അവരുടെ പ്രഖ്യാപനത്തിന് എന്ത് ആത്മാര്‍ത്ഥതയാണുള്ളത്? വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് താല്പര്യമുണ്ടെങ്കില് സുപ്രീംകോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിക്കൊടുക്കണം. അല്ലാത്തപക്ഷം നിയമനിര്‍മ്മാണത്തിലൂടെ ഈ വിഷയത്തിന് പരിഹാരം കാണാനോ ശ്രമിക്കണം. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഇപ്പോള്‍ ഒന്‍പതംഗ ബഞ്ചിന്റെ പരിഗണനയിലാണ്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഉറച്ച നിലപാടിലാണ് എന്‍.എസ്.എസ്. ഇപ്പോഴും നിലകൊള്ളുന്നത്. അന്തിമഫലം വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നുതന്നെയാണ് കരുതുന്നത്.
എന്‍.എസ്.എസ്. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശബരിമല മുന്‍നിര്‍ത്തി യു.ഡി.എഫ് നടത്തുന്ന പ്രചരണതന്ത്രം പൂര്‍ണഫലം കാണാതെപോകും. അതിനാല്‍തന്നെ ശബരിമല വിഷയത്തില്‍ സമുദായ സംഘടനകളുടെ പിന്തുണ കോണ്‍ഗ്രസിന് അത്യന്താപേക്ഷിതമാണ്. ഐശ്യര്യ കേരള യാത്രയുടെ മുഖ്യ അജണ്ടതന്നെ ശബരിമലയും പിന്‍വാതില്‍ നിയമനവുമായി മാറിക്കഴിഞ്ഞു. ഇതിലൂടെ വിശ്വാസികളേയും ഉദ്യോഗാര്‍ത്ഥികളേയും വോട്ടുനേടുകയാണ് ലക്ഷ്യം.






