
പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് രോഗികൾക്കായി പൂർണമായും സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് വ്യത്യസ്തമാകുകയാണ്. രോഗികൾക്ക് കട്ടിലിൽ കിടന്നു കൊണ്ടു തന്നെ നഴ്സുമാരെ സഹായത്തിനു വിളിക്കാം.
ഇതിനായുള്ള സെൻസൻ കയ്യിലെടുത്താലുടൻ നഴ്സുമാരുടെ ഡ്യൂട്ടി സ്റ്റേഷനിൽ കട്ടിലിന്റെ നമ്പർ ഉൾപ്പെടെ ലൈറ്റ് തെളിയും. പേഷ്യന്റ് നഴ്സസ് കോളിങ് സിസ്റ്റം എന്ന ഈ സംവിധാനമാണ് ഇതിനായി ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഒരുപക്ഷേ സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ ആദ്യമാവാം ഇത്തരത്തിൽ ഒരു സംവിധാനം. കിടത്തിച്ചികിത്സയുടെ ഉദ്ഘാടനം ഇന്നു നടക്കുകയാണ്. നൂറോളം കിടക്കകളുള്ള രണ്ടു വലിയ ഹാളുകളാണ് ഐപിക്കു സജ്ജമാക്കിയിട്ടുള്ളത്.
സീനിയർ പ്രഫസർമാരായ 13 സ്ഥിരം ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അടുത്ത വർഷം മുതൽ എംബിബിഎസ് വിദ്യാർഥികൾക്കു പ്രവേശനം നൽകാനും പദ്ധതിയുണ്ട്.






