
ചണ്ഡീഗഡ്: പെണ്‍കുട്ടി ആര്ത്തവവതിയാണെങ്കില് 18 വയസ്സില്‍ താഴെയാണെങ്കില്‍ പോലും ആരെ വേണമെങ്കിലും അവള്‍ക്ക് വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി. മുസ്ളീം പേഴ്സണല്‍ നിയമത്തിന്റെ പരിധിയെ ആസ്പദമാക്കി പഞ്ചാബ് - ഹരിയാന ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുസ്ളീം വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു വിധി.
ആര്‍ത്തവം സംഭവിച്ച മുസ്ളീം പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായി കണക്കാക്കാമെന്ന പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ എന്ന സര് ദിന്‍ഷാ ഫര്ദൂഞ്ജയി മുല്ലയുടെ പുസ്തകത്തെ കോടതി ഉദ്ധരിച്ചു. മുസ്ളീം വ്യക്തിഗത നിയമത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള പുസ്തകത്തില്‍ 'വിവാഹത്തിനുള്ള പ്രാപ്തി' എന്ന ഭാഗത്ത് നിര്‍വ്വചിച്ചിട്ടുള്ളത് പെണ്‍കുട്ടിക്ക് 15 വയസ്സ് തികഞ്ഞു എന്നതിന് തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രായപൂര്‍ത്തി നിര്‍ണ്ണയിക്കാന്‍ ആര്‍ത്തവത്തെ പരിഗണിക്കാമെന്ന് പറയുന്നു.
പഞ്ചാബില്‍ മുസ്ളീം ആചാരപ്രകാരം ഒരു 36 കാരനും ഒരു 17 കാരിയും തമ്മില്‍ ജനുവരി 21 ന് നടന്ന വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസിലായിരുന്നു വിധി. വിവാഹത്തെ എതിര്‍ക്കുന്ന ബന്ധുക്കളില്‍ നിന്നും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ എത്തുകയും ആയിരുന്നു. തുടര്‍ന്ന്് മുസ്ളീം ദമ്പതികള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അല്‍ക്കാ സരിനാണ് വിധി പുറപ്പെടുവിച്ചത്.
ഇരുവരുടേയും ആദ്യ വിവാഹമായിരുന്നു ഇത്. ബന്ധുക്കള്‍ വിവാഹത്തിനെ എതിര്‍ക്കുന്നെന്നും ജീവനും സ്വാതന്ത്ര്യത്തിനും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികള്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയും ആര്‍ത്തവവും ഒന്നാണെന്നും അതുകൊണ്ടു തന്നെ 15 വയസ്സാണെങ്കിലും ആര്‍ത്തവത്തെ പ്രായപൂര്ത്തിയാക്കി കണക്കാക്കണമെന്നാണ് ഇസഌമിക കല്‍പ്പനയെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
ആര്‍ത്തവം നടന്ന ഒരു മുസ്ളീം യുവതിയ്ക്ക് അവള് ഇഷ്ടപ്പെടുന്ന ആളെ വിവാഹം കഴിക്കുകയോ രക്ഷിതാവാക്കുകയോ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് ഇടപെടാനാകില്ലെന്നും പറഞ്ഞു. തങ്ങളെ അപകടപ്പെടുത്താന്‍ ബന്ധുക്കള്‍ നോക്കുന്നതിനെതിരേ മോഹാലി എസ്എസ്പിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. മുസ്ളീം പെണ്‍കുട്ടിയുടെ വ്യക്തിഗത നിയമത്തിന്റെ പരിധിയില്‍ വേണം കേസ് പരിഗണിക്കാനെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരി കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് വിവാഹം കഴിച്ചതെങ്കിലും ഭരണഘടനയുടെ മൗലീകാവശകങ്ങള് അവള്‍ക്ക് നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും വിലയിരുത്തി. മൊഹാലി എസ്എസ്പിയോട് ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാനും ഉത്തരവിട്ടു.






