
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നും കലാപത്തിന് ആഹ്വാനം നല്‍കിയെന്നും ആരോപണം ഉന്നയിക്കപ്പെട്ട ഭീമ കോറിഗാവ് കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന് അമേരിക്ക. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് അമേരിക്കയിലെ മുൻനിര ഫോറൻസിക് ഏജൻസിയായ ആർസണൽ കൺസൾട്ടൻസിയാണ്. കേസിലെ പ്രതികളില്‍ ഒരാളും മലയാളിയുമായ റോണാ വിൽസന്റെ കംപ്യൂട്ടറിൽ നിന്നും കണ്ടെത്തിയ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന കത്ത് വ്യാജമാണെന്ന് കണ്ടെത്തി.
മാൽവെയർ ഉപയോഗിച്ച് വില്‍സന്റെ കംപ്യൂട്ടറില്‍ നിക്ഷേപിച്ചതാണെന്നാണ് കണ്ടെത്തല്‍. ഏജന്‍സിയെ ഉദ്ധരിച്ച വാഷിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്ത പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്. റോണാ വിൽസണ്‍ പുറമേ വരവറാവു, സുധാ ഭരദ്വാജ് എന്നിവര്‍ ഉൾപ്പടെയുള്ള സാമൂഹിക പ്രവർത്തകരെ കേസില്‍ പ്രതികളാക്കിയിരുന്നത്. ഇവരെ 2018 ല്‍ പുണെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം നൽകിയെന്നും മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട രീതിയില്‍ നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതി തയ്യാറാക്കിയെന്നുമായിരുന്നു ആരോപണം.
ഇതിന് പ്രധാന തെളിവായി ചില കത്തുകൾ പ്രതികളുടെ റോണാവില്‍സന്റെ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ റോണാ വിൽസണിന്റെ കപ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ പത്ത് കത്തുകൾ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്ത് നിക്ഷേപിച്ചതാണെന്നാണ് ഫോറന്‍സിക് ഏജന്‍സിയുടെ കണ്ടെത്തല്‍. 2018 ജുൺ 13 ന് അറസ്റ്റ് ചെയ്യപ്പെട്ട റോണാ വിൽസന്റെ കംപ്യൂട്ടറില്‍ രണ്ടു വര്‍ഷം മുമ്പേ കത്തു നിക്ഷേപിച്ചു. വിൽസന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതിന് തലേദിവസം വരെ 52 ഫയലുകൾ നിക്ഷേപിച്ചു,
റോണോയുടെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍ ‘ആർ ബാക്കപ്പ്’ എന്ന രഹസ്യ ഫോൾഡർ ഉണ്ടാക്കി 2016 ജൂണ്‍ 16 ന് തന്നെ കത്തുകള്‍ കംപ്യൂട്ടറില്‍ നിക്ഷേപിച്ചിരുന്നു എന്നാണ് കണ്ടെത്തല്‍. എന്നാൽ ആരാണ് കത്തുകൾ കംപ്യൂട്ടറിൽ ഹാക്ക് ചെയ്ത് നിക്ഷേപിച്ചതെന്ന് വ്യക്തമല്ല. ബോസ്റ്റണിലെ മാരത്തൺ ബോംബിങ് ഉൾപ്പടെയുടെ വിവാദ കേസുകൾ തെളിയിക്കുന്നതിൽ പങ്ക് വഹിച്ച ആർസനൽ ഭീമ കോറിഗാവ് വിഷയത്തില്‍ 300ലധികം മണിക്കൂർ നീണ്ട പരിശോധനയ്ക്കൊക്കൊടുവിലാണ് റിപ്പോർട്ട് തയാറാക്കിയത്. റോണാ വിൽസൺന്റെ അഭിഭാഷകനാണ് വിദഗ്ധ പരിശോധനയ്ക്കായി ഏജൻസിയെ സമീപിച്ചത്.






