
രാഷ്ട്രീയത്തില്‍ നയങ്ങള്‍, നിലപാടുകള്‍ എന്നിവയൊക്കെ സംബന്ധിച്ച് ആശയക്കുഴപ്പമോ അവ്യക്തതയോ ഉണ്ടാവുമ്പോള്‍ പ്രതിസന്ധികള്‍ ഉടലെടുക്കുന്നതു സ്വാഭാവികമാണ്. ഒരു ആദര്‍ശവുമില്ലാത്ത കൂട്ടര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. എന്നാല്‍ എന്തിലുമേതിലും ഒരു പാര്‍ട്ടി ലൈന്‍ കാണുന്നവര്‍ക്ക്, അതിനപ്പുറത്തേക്കു കടക്കാന്‍ കഴിയാത്തവര്‍ക്ക്, സംശയവും ആത്മവിശ്വാസമില്ലായ്മയും സംഭവിച്ചാല്‍ കാര്യങ്ങള്‍ അപകടകരമാണ്. ആ അവസ്ഥയിലേക്കാണ് ഇന്നിപ്പോള്‍ കേരളത്തിലെ സി.പി.എം. ചെന്നെത്തിയിരിക്കുന്നതെന്നു പറയാതിരിക്കാനാകില്ല. ഇതില്‍ വെറും ആശയക്കുഴപ്പമല്ല മറിച്ച് പാര്‍ട്ടിയില്‍ തലയുയര്‍ത്തുന്ന വിഭാഗീയത കൂടിയുണ്ടെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. കുറെ നാളുകളായി പിണറായി വിജയന്റെ കീഴില്‍ നാവനക്കാതെ, അല്ലെങ്കില്‍ നാവുയര്‍ത്താന്‍ കഴിയാതെ ജീവിച്ചുപോന്നവര്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണെന്നു ചിലരെങ്കിലും പറയുന്നു. ഇതൊക്കെയും ചര്‍ച്ച ചെയ്യപ്പെടാതെ പറ്റില്ലല്ലോ.
തുടക്കം എം.വി. ഗോവിന്ദന് മാഷിന്റെ വിശ്വവിഖ്യാത വിലയിരുത്തലിലാണ്. മറ്റൊന്നു പി.ബി. അംഗം എം.എ. ബേബി നടത്തിയ നയപ്രഖ്യാപനമാണ്. ഗോവിന്ദന് മാഷില്‍ നിന്നു തുടങ്ങാം. ആദ്യമേ സൂചിപ്പിക്കട്ടെ, സി.പി.എമ്മില്‍ മാന്യമായി സംസാരിക്കുന്ന, ഏത് വിഷയമായാലും പഠിക്കാന്‍ മടിക്കാത്ത ഒരു നേതാവായാണ് ഗോവിന്ദന് മാഷിനെ കണ്ടിട്ടുള്ളത്. ചാനല്‍ ചര്‍ച്ചകളിലൂടെയാണല്ലോ ഇന്നത്തെ കാലത്ത് പലരും വിലയിരുത്തപ്പെടുന്നത്; മറ്റൊരു സാധ്യതയും മാര്‍ഗവും ഇക്കാര്യത്തില്‍ ഇന്ന് പൊതുജനങ്ങള്ക്കില്ലതാനും. ഒരിക്കല്‍ പാര്‍ട്ടി പത്രത്തിന്റെ പത്രാധിപരായി മാഷ് നിയുക്തനായതും ആ ഉയര്‍ന്ന ബൗദ്ധിക തലങ്ങള്‍ കൊണ്ടാകണം. അങ്ങനെയൊരാളാണ് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ കാലിക പ്രസക്തിക്ക് ഒരു പുതിയ നിര്‍വചനം കൊണ്ടുവരാന്‍ ശ്രമിച്ചത്.
കാലത്തിനനുസരിച്ച് പാര്‍ട്ടി ചിന്തിക്കണമെന്നും അപ്പോള്‍ അടിസ്ഥാന പാര്‍ട്ടി പ്രമാണങ്ങളില്‍ വേണ്ടിവന്നാല്‍ വെള്ളം ചേര്‍ക്കാവുന്നതാണ് എന്നുമാണ് അദ്ദേഹത്തിന്റെ മതം. ഇന്നത്തെ സാഹചര്യങ്ങളില്‍ സി.പി.എം. ബദലാകാന്‍ പോകുന്നില്ല; ആ പ്രതീക്ഷ വേണ്ട എന്നു തുടങ്ങുന്ന ഗോവിന്ദന് മാഷെന്ന സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം തുടര്‍ന്ന് പറഞ്ഞത് അതിനേക്കാള്‍ യാഥാര്‍ഥ്യ ബോധത്തോടെയാണ്. "വിശ്വാസികളെ, ദൈവിക സങ്കല്‍പ്പങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഫ്യുഡല്‍ പശ്ചാത്തലത്തില്‍ മുന്‍നിര്‍ത്തി മുന്നോട്ടു പോകാനാകില്ല." സത്യസന്ധമായാണ് അദ്ദേഹം അതു പറഞ്ഞതെന്നതില്‍ ഭിന്നതയേയില്ല.
ഇവിടെ രണ്ടുണ്ട് പ്രശ്നങ്ങള്‍. കുറേ യാഥാര്‍ഥ്യങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത്, ആ യാഥാര്‍ഥ്യം പാര്‍ട്ടി അംഗീകരിക്കുന്നുണ്ടോ എന്നതാണ്. അംഗീകരിക്കുന്നുവെങ്കില്‍ മാര്‍ക്സും ഏംഗല്‍സും ഹെഗലുമെല്ലാം പറഞ്ഞതും പാര്‍ട്ടി സഖാക്കള്‍ ഇതുവരെ പറഞ്ഞുനടന്നതും അപ്രായോഗികമാണെന്നു സി.പി.എം. സമ്മതിക്കുന്നു എന്നതാണ്. ഇത് രണ്ടായാലും വിശദമാക്കേണ്ടതു സി.പി.എമ്മാണ്. പക്ഷെ എന്തൊക്കെ എത്രകണ്ട് വിശദമാക്കാന്‍ ശ്രമിച്ചാലും, കാര്യങ്ങള്‍ നിലയില്ലാക്കയത്തിലെത്തി നില്ക്കുന്നു എന്ന യാഥാര്‍ഥ്യം കാണാതെ പോകാനാകില്ലല്ലോ. വിവാദ പ്രസംഗത്തിനു ശേഷം ഗോവിന്ദന് മാഷ് തന്നെ ഒരു വിശദീകരണം നല്‍കിയത് കാണാതെയല്ല ഇതൊക്കെ പറയുന്നത്. എന്നാല്‍ ആ വിശദീകരണംകൊണ്ട് ആശയക്കുഴപ്പം വര്‍ധിക്കുകയല്ലേ ഉണ്ടായിട്ടുള്ളൂ? അതുകൊണ്ടല്ലേ എസ്. രാമചന്ദ്രന് പിള്ളയെ പിന്നീടു രംഗത്തിറക്കിയത്. സി.പി.എമ്മിലെ ഏറ്റവും മുതിര്‍ന്ന പി.ബി. അംഗമാണ് അദ്ദേഹം. എന്നാല്‍ എസ്.ആര്.പിക്ക് എന്തെങ്കിലും വ്യക്തത വരുത്താനായോ? ഇല്ല എന്നു പറയാന്‍ ഇ.എം.എസ്. പഠനകേന്ദ്രത്തിലൊന്നും പോകേണ്ടതില്ല.
ഗോവിന്ദന് മാഷിന്റെ തീസിസ് കേട്ടശേഷം ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്നതു പരിശോധിക്കാന്‍ ഒരു ശ്രമം നടത്തി. ഇ.എം.എസിനെയോ കെ. ദാമോദരനെയോ നിരീക്ഷിക്കുക എന്നതാണു സാധ്യമായിട്ടുള്ളത്. കമ്യുണിസ്റ്റ് പാര്‍ട്ടിയിലെ ഒരു ആശയസമരത്തിന്റെയോ ആശയക്കുഴപ്പത്തിന്റെയോ പ്രശ്നമുണ്ടാവുമ്പോള്‍ നിരീക്ഷകര്‍ എന്ന നിലയ്ക്കു കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഈ രണ്ടുപേരിലേക്ക് ഇറങ്ങിച്ചെല്ലുകയാണു പതിവ്. പലപ്പോഴും ഇ.എം.എസിനേക്കാള്‍ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിത്തരുന്നതാണ് കെ. ദാമോദരന്റെ നിരീക്ഷണങ്ങള്‍.
കാനം രാജേന്ദ്രന് പറഞ്ഞതുപോലെ, വൈരുധ്യാധിഷ്ഠിത ഭൗതികവാദമില്ലെങ്കില് പിന്നെ കമ്മ്യൂണിസമില്ല എന്നതാണ് ദാമോദരനും പണ്ടേ പറഞ്ഞുവച്ചിരിക്കുന്നത്. തങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന എല്ലാ തത്വശാസ്ത്രങ്ങളെയും പരിശോധിക്കുകയും അവയുടെ നേട്ടങ്ങളെ ഉപയോഗിക്കുകയും ചെയ്തുകൊണ്ടാണ് മാര്‍ക്സും ഏംഗല്‍സും തങ്ങളുടെ ഡയലക്ടിക്കല്‍ മെറ്റീരിയലിസത്തിന്റെ തത്വങ്ങളുന്നയിച്ചത്. പക്ഷെ, മാര്‍ക്സിസ്റ്റ് തത്വശാസ്ത്രം പഴയ തത്വശാസ്ത്രങ്ങളുടെ ഒരു വികാസം മാത്രമല്ല തികച്ചും പുതുതായ ഒരു തത്വശാസ്ത്രമാണ് എന്നും കെ. ദാമോദരന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതാണ് കമ്യുണിസ്റ്റ് കാഴ്ചപ്പാട്. അതൊക്കെ വിലയിരുത്തുമ്പോഴാണ് ഗോവിന്ദന് മാഷ് ഉയര്‍ത്തിയ പ്രതിസന്ധി ബോധ്യമാവുക.
**സഖാവ് ബേബി വകയും
ഗോവിന്ദന് മാഷിനാവാമെങ്കില് എനിക്ക് എന്തുകൊണ്ടായിക്കൂടാ എന്ന് ഒരു പി.ബി. അംഗം ചിന്തിച്ചാല്‍ കുറ്റം പറയാനാവുകില്ലല്ലോ. എം.എ. ബേബി ശബരിമല സംബന്ധിച്ച് ഒരു ചാനലിന് അഭിമുഖം നല്കാന് മുതിര്‍ന്നത് അതുകൊണ്ടാകണം. ശബരിമല പ്രശ്നത്തില്‍ സുപ്രീം കോടതി മുമ്പാകെയുള്ള സത്യവാങ്മൂലം തിരുത്തി നല്കാന് തങ്ങള്‍ തയാറാകുമെന്നാണ് ആ വാക്കുകള്‍ ശ്രദ്ധിക്കുന്നവര്‍ക്കു ബോധ്യപ്പെടുക. അവിടെ മൂന്നു പ്രധാന കാര്യങ്ങളുണ്ട്. ഒന്ന്, ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തില്‍ ഇന്നലെവരെ പാര്‍ട്ടിയെടുത്ത നിലപാടുകള്‍ തിരുത്തുമെന്ന പ്രഖ്യാപനം. രണ്ട്, പിണറായിയെ പരസ്യമായി തള്ളിപ്പറയാന്‍ പാര്‍ട്ടി തീരുമാനിച്ചു എന്ന്. മൂന്ന്, ശബരിമല പ്രശ്നത്തിലെ ചാനല്‍ ചര്‍ച്ചകളില്‍നിന്ന് സി.പി.എം. വിട്ടുനില്‍ക്കുന്നതിനിടെ പി.ബി. അംഗം ഇത്തരമൊരു ചാനല്‍ അഭിമുഖം നല്‍കിയത് യാതൊരു ഉദ്ദേശ്യലക്ഷ്യവുമില്ലാതെയാണ് എന്ന് സര്‍വരും വിശ്വസിക്കണം.
ഈ പ്രശ്നമുന്നയിച്ചതു യു.ഡി.എഫാണ്; രമേശ് ചെന്നിത്തലയുടെ പ്രചാരണ യാത്രയുടെ ഉദ്ഘാടന വേദിയില്‍ ഉമ്മന്‍ചാണ്ടിയാണ് വീണ്ടും ശബരിമല എന്ന മെസേജ് നല്‍കിയത്. എന്നാല്‍ ഒരാളും അന്ന് അതേറ്റെടുത്തില്ല; ആ യാത്ര മലപ്പുറത്തെത്തുന്നതുവരെ അത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതേയില്ല. അപ്പോഴാണ് ബദല്‍ നിയമം എന്ന തന്ത്രവുമായി യു.ഡി.എഫ്. എത്തുന്നത്. ആ ബദല്‍ നിയമനിര്‍മ്മാണം നടപ്പാകില്ലെന്ന് ഏതൊരാള്‍ക്കുമറിയാം; സുപ്രീം കോടതി പരിഗണിക്കുന്ന ഒരു വിഷയത്തില്‍ നിയമം നിര്‍മിക്കാന്‍ ഒരു നിയമസഭയ്ക്കാകുമോ ? പിന്നെ ഇടത് - വലത് മുന്നണി സര്‍ക്കാരുകള്‍ കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ സഭയില്‍ പാസാക്കാറുണ്ടല്ലോ; അതുപോലൊന്ന്, കോണ്‍ഗ്രസിനു ഭൂരിപക്ഷം ലഭിച്ചാല്‍, പരീക്ഷിക്കാം. അതൊക്കെയാണു യാഥാര്ഥ്യമെന്നിരിക്കെയാണ് രണ്ടു മുതിര്‍ന്ന സി.പി.എം. നേതാക്കള്‍ അതിനെച്ചൊല്ലി പരസ്യ നിലപാടെടുത്ത് പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലെത്തിച്ചത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ശബരിമല പ്രശ്നത്തിലെടുത്ത നിലപാട് അബദ്ധമായിപ്പോയെന്നു സി.പി.എം. വിലയിരുത്തി എന്നതു വസ്തുതയാണ്. അവര്‍ ജനങ്ങളോട് അതു തുറന്നുപറഞ്ഞില്ലെങ്കിലും നേതാക്കളുടെ നിലപാടിലും സംസാരത്തിലുമൊക്കെ ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണല്ലോ. തന്ത്രിയെ ആക്ഷേപിച്ച മന്ത്രിയും മേല്‍ശാന്തിയെ ഭീഷണിപ്പെടുത്തിയ സഖാക്കളുമൊക്കെ ഇവിടെ ഉണ്ടായിരുന്നല്ലോ. ആ വീരസാഹസികതയൊക്കെ പിന്നീട് കാണാതായി. ചെയ്തതു തെറ്റായിപ്പോയെന്നു സി.പി.എമ്മുകാരായ ആളുകളുടെ വീടുകളില്‍ ചെന്ന് സമസ്താപരാധം മാപ്പ് ചോദിച്ചവരെയും ഗ്രാമങ്ങളില്‍ കണ്ടിരുന്നു. ഇതില്‍ നിന്നൊക്കെ സാമാന്യബുദ്ധികൊണ്ടു തിരിച്ചറിയേണ്ടത്, ഇത്തരമൊരു ചിന്തയും ചര്‍ച്ചയും സജീവമായി സി.പി.എമ്മിലുണ്ടായിരുന്നു എന്നാണ്.
ശബരിമല പ്രശ്നത്തിലെ പാര്‍ട്ടി നിലപാട് ശരിയല്ല എന്നതാണ് അതിലാദ്യത്തേത്. ആ ചര്‍ച്ചകള്‍, പാര്‍ട്ടിക്കുള്ളില്‍, സ്വാഭാവികമായും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഇന്നത്തെ പ്രസക്തിയിലേക്ക് എത്തിയിരിക്കണം. അതൊന്ന് പതുക്കെ പുറത്തുപറഞ്ഞ് നോക്കുക, പ്രതികരണം മനസിലാക്കുക എന്ന ചിന്തയാകണം ഗോവിന്ദന് മാഷിലുണ്ടായത്. പാര്‍ട്ടിയുടെ കേന്ദ്രങ്ങള്‍, പ്രതിയോഗികള്‍ എന്നിവരൊക്കെ മറനീക്കി പുറത്തുവരുമല്ലോ. ഒരു പ്രശ്നത്തെ, അതും അടിസ്ഥാന പ്രമാണങ്ങള്‍ സംബന്ധിച്ചതാവുമ്പോള്, സൂക്ഷിച്ചു തന്നെയാകണമല്ലോ കൈകാര്യം ചെയ്യേണ്ടത്. അത്രയേ ഗോവിന്ദന് മാഷ് ചെയ്തിട്ടുള്ളൂ. അതിനായി അദ്ദേഹം തെരഞ്ഞെടുത്തത് പാര്‍ട്ടിയുടെ അധ്യാപക സംഘടനയുടെ സമ്മേളനമാണ്. വിവരം കെട്ടവരുള്ള സദാസായിരുന്നില്ല എന്നര്‍ത്ഥം. കാര്യമാത്ര പ്രസക്തമായ ഒരു ചര്‍ച്ച നടത്താന്‍ കഴിയുന്ന വേദി.
ഇങ്ങനെയൊക്കെയാണ് മുന്‍പ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നടക്കാറുണ്ടായിരുന്നത്. എത്രയെത്ര വിഷയങ്ങളില്‍ നിലപാടുകള്‍ മാറിയിട്ടുണ്ട്. അന്നൊക്കെ അതു വിശദീകരിക്കാന്‍ പാര്‍ട്ടി പത്രത്തില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. പിന്നെ ഇക്കാലത്ത് അതിലേറെ പ്രസക്തമായത് ചാനല്‍ ചര്‍ച്ചകളും ചാനലിലൂടെ ലൈവ് പ്രസംഗവുമാണെന്നു കരുതുന്നതില്‍ തെറ്റുമില്ല. മുന്‍കാലങ്ങളില്‍ ഇ.എം.എസ്. സ്വീകരിച്ചിട്ടുള്ള സമീപനങ്ങള്‍ രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ വിദ്യാര്‍ത്ഥികളും ശ്രദ്ധിച്ചിരിക്കും. ഓരോ തെറ്റ് തിരുത്തുന്നതിനും അദ്ദേഹം ഒരു കാരണം കണ്ടെത്തുമായിരുന്നു. അതിനൊരു അവസരമുണ്ടാക്കും. പാര്‍ട്ടി വാരികയിലെ ചോദ്യാത്തര പംക്തി പോലും അത്തരമുള്ള നയവ്യതിയാനങ്ങളിലേക്കു പാര്‍ട്ടിയെ എത്തിക്കാന്‍ അദ്ദേഹത്തിന് ഉപയോഗിക്കാനായി.
മഅദനിയെ ഗാന്ധിയോട് ഉപമിച്ചതുപോരേ ഏറ്റവും നല്ല ഉദാഹരണമായിട്ട്. മുത്തലാഖ് വിഷയത്തില്‍ അദ്ദേഹമെടുത്ത നിലപാട് ദീര്‍ഘദൃഷ്ടിയോടെയുള്ളതായിരുന്നു എന്ന് 1987- ലെ തെരഞ്ഞെടുപ്പ് കാണിച്ചുതന്നില്ലേ. ചൈന ഇന്ത്യയെ ആക്രമിച്ച കാലത്ത് നമ്പൂതിരിപ്പാട് സ്വീകരിച്ച നിലപാടൊന്ന് ആലോചിച്ചുനോക്കൂ; ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂപ്രദേശം...അതിലേറെ ലളിതമായി എങ്ങനെയാണ് ഒരു ചൈനാപക്ഷക്കാരന് ഇക്കാര്യം വിശദീകരിക്കാന്‍ കഴിയുക? ടിയാനന്മെന് ചത്വരത്തില്‍ വിദ്യാര്‍ഥികളെ കൊന്നൊടുക്കിയതിനെ വിമര്‍ശിച്ച പി. ഗോവിന്ദപ്പിള്ളയ്ക്കു നേരിടേണ്ടിവന്ന അച്ചടക്കനടപടിയും ഓര്‍ക്കേണ്ടതാണ്. യഥാര്‍ഥത്തില്‍ ഒരു വലിയ മനുഷ്യാവകാശ പ്രശ്നമാണു പി.ജി. ഉന്നയിച്ചത്.
എന്നാല്‍ നമ്പൂതിരിപ്പാടിന് ശേഷം? മറ്റൊരു നമ്പൂതിരിപ്പാടാകാനാണോ ഇപ്പോള്‍ ചിലര്‍ പരിശ്രമിച്ചത്? അറിയില്ല. എന്തായാലും ഇന്നിപ്പോള്‍ വലിയ ആശയക്കുഴപ്പത്തില്‍, അല്ല വലിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ ചെന്നുപെടുകയാണ് കേരളത്തിലെ സി.പി.എം. ചെയ്തത്. സി.പി.എമ്മിന്റെ അസ്തിത്വം ഇന്ത്യയിലെമ്പാടും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞ കാലഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണു കേരളത്തില്‍ നടത്തുന്നത്. മറ്റനവധി കടന്നാക്രമങ്ങള്ക്കിടയില് അത്തരമൊരു കടുത്ത വെല്ലുവിളിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് അടിസ്ഥാന ആദര്‍ശങ്ങള്‍ പോലും പരമ അബദ്ധമാണെന്ന് പാര്‍ട്ടിക്കു പറയേണ്ടിവരുന്നത്, നേതാക്കള്‍ അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.






