
തിരുവനന്തപുരം : പിഎസ് സി സമരത്തില്‍ ഒത്തുതീര്‍പ്പിനായി രാത്രിയില്‍ മധ്യസ്ഥ ചര്‍ച്ചയുമായി ഡി.വൈ.എഫ്.ഐ. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സുമായി ആദ്യം ചര്‍ച്ച നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പിന്നീട് റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളുമായി എത്തി മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് ശേഷം ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും ചര്‍ച്ചകളും കൂടിക്കാഴ്ചകളും തുടരുമെന്നും സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും ഉദ്യോഗാര്ത്ഥര് പറഞ്ഞു. രാത്രി 10.30 യോടെയാണ് മദ്ധ്യസ്ഥനീക്കങ്ങളും ചര്‍ച്ചയും തുടങ്ങിയത്. ഇത് അര്‍ദ്ധരാത്രി 1.15 വരെ നീണ്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാരിന്റെ യുവജന സംഘടനയുടെ തെറ്റിദ്ധാരണ മാറിയതില്‍ സന്തോഷമെന്നായിരുന്നു സമരക്കാരുടെ പ്രതികരണം.
സമരത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. അവരെ വിളിച്ചു ചര്‍ച്ച ചെയ്യാന്‍ ഇതൊരു ട്രേഡ് യൂണിയന് സമരമല്ലെന്നും സമരക്കാരുടെ ഇടയിലേക്ക് ആരൊക്കെയാണ് പോകുന്നതെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും പറഞ്ഞു. ''സമരം ചെയ്യുന്നതൊന്നും തെറ്റൊന്നൊന്നും ആരും പറയുന്നില്ല. സമരം ചെയ്യണം. സമരം ചെയ്തു തന്നെയാണ് പലതും നേടിയിട്ടുള്ളത്. തസ്തികകള്‍ വെട്ടിക്കുറച്ചതിനെതിരേ സമരം ചെയ്ത് ഇടതുമുന്നണി അധികാരത്തില്‍ വന്നിട്ടുമുണ്ട്. അതുകൊണ്ട് തസ്തികകള്‍ സൃഷ്ടിക്കുന്നതിനും തൊഴിലുകള്‍ നല്‍കുന്നതിനും ഇടതുമുന്നണി കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.
ഏറ്റവും കുടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചതും നിയമനം നല്കിയതും ഈ സര്‍ക്കാരാണ്. 44,000 തസ്തികകളാണു സൃഷ്ടിച്ചത്. 1,57,000 പേര്‍ക്കു നിയമനം നല്കി. ഇതൊക്കെ നന്നായി അറിയാവുന്നതും റാങ്ക് ഹോള്ഡേഴ്സിനാണ്. എന്നിട്ടും അവര്‍ സമരം ചെയ്യുകയാണ്. ഇപ്പോള്‍ പറയുന്നത് സര്‍വകലാശാലകളില്‍ ഒഴിവുകളുണ്ടെന്നാണ്. അവിടെ പി.എസ്.സി. വഴി എങ്ങനെ നിയമനം നടത്താമെന്നതിനെക്കുറിച്ച് എല്ലാവരും ആലോചിക്കണമെന്നും കാനം പറഞ്ഞു. ഈ സമരം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. രണ്ടുമാസക്കാലമായി കൃഷിക്കാര്‍ സമരം നടത്തുന്നു. അവിടെ ഭരണം നടക്കുന്നുണ്ട്. സര്‍ക്കാരുകളുടെ പ്രവര്‍ത്തനം മുറപോലെ നടക്കുമെന്നും കാനം പറഞ്ഞു.






