
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ അടുത്ത മാസം വിരമിക്കും. 2019 നവംബറിലാണ് ചീഫ് ജസ്റ്റീസ് ബോബ്ദെ ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കാലത്ത് ഒരു ജഡ്ജിയേ പോലും ഇതുവരെ സുപ്രീം കോടതിയിലേക്ക് കൊളജീയം ശിപാര്‍ശ ചെയ്തിട്ടില്ല. 2015നു ശേഷം ആദ്യമായാണ് പിന്‍ഗാമിയെ ശിപാര്‍ശ ചെയ്യാതെ ഒരു ചീഫ് ജസ്റ്റീസ് വിരമിക്കുന്നതും.
2015ല്‍ വിരമിച്ച അന്നത്തെ ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു തന്റെ പിന്‍ഗാമിക്കായി ശിപാര്‍ശ നല്‍കിയിരുന്നില്ല. നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കീഴ്വഴക്കം അദ്ദേഹം ലംഘിച്ചത്.
കൊളീജിയത്തിലുണ്ടായ തര്‍ക്കമാണ് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് തടസ്സമായതെന്ന് സൂചനയുണ്ട്. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഖില്‍ ഖുറേഷിയെ സുപ്രീം കോടതിയിലേക്ക് നിയമിക്കുന്നതില്‍ ചീഫ് ജസ്റ്റീസ് ബോബ്ദെയും കൊളജീയത്തിലെ അംഗങ്ങളായ ജസ്റ്റീസ് എന്‍.വി രമണ്ണ, രോഹിംഗ്ടണ്‍ നരിമാന്, യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരുമായി സമാവായത്തില്‍ എത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.






