
കശ്മീർ: രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണത്തിന് ഇന്നു രണ്ടു വയസ്സ് തികയുന്നു. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യത്തെ നടുക്കിയ ആ ദിനം. പുൽവാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം.
ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ നാല്പതോളം സി.ആർ.പി.എഫ്. ജവാന്മാർ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചു.
2547 സി.ആർ.പി.എഫ്. ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ വെച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. എന്നാൽ, ഇതിനു തിരിച്ചടിയായി ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. രാജ്യത്തിന്റെ ധീര ജവാന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളർപ്പിക്കും.






